മലയാള ഭാഷക്ക് 2200 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാന്‍ കഴിയുന്ന ചില രേഖകള്‍ തമിഴ് നാട്ടിലെ തേനി പുളിമാങ്കൊമ്പ് എന്ന സ്ഥലത്തെ വീരക്കല്‍ ലിഖിതത്തില്‍നിന്നും വയനാട്ടിലെ എടക്കല്‍ ഗുഹകളില്‍ നിന്നും കേരളത്തിനു ലഭിച്ചിരിക്കുന്നു. പുളിമാങ്കൊമ്പ് ലിഖിതത്തില്‍ കണ്ട “തീയന്‍” എന്ന പദം മലയാളഭാഷയിലല്ലാതെ വേറെ ഒരിടത്തും ഉപയോഗിക്കുന്നില്ല. ബി.സി. രണ്ടാം നൂറ്റാണ്ടിലേതാണ് ഈ ലിഖിതമെന്ന് ഇതേക്കുറിച്ച് പഠിക്കുകയും സംസ്ഥാനത്തെ വിദഗ്ദസമിതിയുടെ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്ത പ്രശസ്ത ലിപി വിജ്ഞാനവിദഗ്ദന്‍ ഐരാവത മഹാദേവന്‍ പറയുന്നു.
ആയിരത്തഞ്ഞൂറു വര്‍ഷം പഴക്കമുള്ള എടക്കല്‍ ഗുഹാ ലിഖിതങ്ങളിലാകട്ടെ, വ്യാകരണമാണ് മലയാളത്തിന് അനുകൂലമായി വന്നിരിക്കുന്നത്. “പല്‍പ്പുലി താത്തകാരി” എന്ന ലിഖിതത്തില്‍ “പല്‍പ്പുലി” എന്ന പദം തമിഴ് അല്ലെന്നും മലയാളമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ പട്ടണം പര്യവേഷണത്തില്‍ നിന്നും ലഭിച്ച ഓലക്കഷണത്തില്‍ “ഊര്‍പ്പാവ ഓ” എന്നു രേഖപ്പെടുത്തിയതും മലയാളത്തിനു ഉപോല്‍ബലകമായ ഒരു തെളിവായി കാണുന്നുണ്ട്. പാവ എന്ന പദം മലയാളമാണെന്നും തമിഴിലാണെങ്കില്‍ അത് “പാവൈ” ആയിരിക്കുമെന്നും സമിതി പറയുന്നു.
ക്ലാസിക്കല്‍ ആശകളും ആശങ്കകളും എന്ന പേരില്‍ എന്‍ ജി നയനതാര ഇന്ത്യ ടുഡേയില്‍ എഴുതിയ ലേഖനം ഇവിടെ സൂക്ഷിച്ചിരിക്കുന്നു (ഇവിടെ ക്ലിക്കുക) .
