Thursday, August 9, 2012

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

തിരുവിതാംകൂര്‍ രാജഭരണകാലത്തെ നികുതികള്‍ ജനങ്ങളെ കൊള്ള ചെയ്യുന്നതിനേക്കാള്‍ നീചമായ രീതിയിലാണ് പിരിച്ചെടുത്തിരുന്നെന്നത് കുപ്രസിദ്ധമാണല്ലോ. മീശക്കും, മുലക്കും, അലക്കു കല്ലിനും, തെങ്ങില്‍ കയറുന്ന തളപ്പിനും, ഏണിക്കും വരെ നികുതി പിരിച്ചിരുന്ന തിരുവിതാം കൂര്‍ രാജഭരണം നൂറിലേറെ ഇനങ്ങളില്‍ നികുതിയെന്ന പേരില്‍ ജനങ്ങളെ പിഴിഞ്ഞ് സ്വത്ത് കൈവശപ്പെടുത്തിയിരുന്നു. ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും മാത്രമേ നികുതി ഇളവിന് അര്‍ഹതയുണ്ടായിരുന്നുള്ളു. അസഹ്യമായ ഭൂനികുതി ചുമത്തി, ജനങ്ങളെ വീര്‍പ്പുമുട്ടിച്ചതു കാരണം ഭൂവുടമകള്‍ ഭൂനികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി തങ്ങളുടെ ഭൂമി ക്ഷേത്രങ്ങള്‍ക്കോ, ബ്രാഹ്മണര്‍ക്കോ ദാനം ചെയ്ത്, തങ്ങളുടെ തന്നെ ഭൂമിയില്‍ കുടിയാന്മാരായി മാറാന്‍ നിര്‍ബന്ധിതരായിരുന്നു. തന്ത്രപരമായി ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരുന്ന തിരുവിതാംകൂറിലെ നരാധമ രാജഭരണത്തിനെതിരെ ഒട്ടേറെ ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ കാണാം. അവയില്‍ ധീരോജ്വലമായ ചരിത്രമായിത്തീര്‍ന്ന രക്തസാക്ഷിയാണ് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ “നഞ്ജേലി’. മാറുമറക്കാതെ ജീവിച്ചിരുന്ന ജനതയായിരുന്ന മലയാളികളില്‍ വിദേശഭരണത്തിന്റെ സ്വാധീനഫലമായി വന്ന പരിഷ്ക്കാരമായ “മാറുമറക്കല്‍” ഒരു നികുതിമാര്‍ഗ്ഗമായിക്കണ്ട്  ‘മുലക്കരം’ ഈടക്കിയിരുന്ന രാജഭരണത്തിനെതിരെ നഞ്ജേലി പ്രതിഷേധിച്ചത് മുലക്കരം ഒടുക്കാതെയാണ്. മുലക്കരം നല്‍കാന്‍ വിസമ്മതിച്ച നഞ്ജേലിയെ അന്വേഷിച്ച് രാജഭരണത്തിന്‍ കീഴിലെ അധികാരിയായ(വില്ലേജാപ്പീസര്‍) പ്രവര്‍ത്തിയാര്‍ വീട്ടിലെത്തിയപ്പോള്‍ നഞ്ജേലി പതറാതെ പൂമുഖത്ത് നിലവിളക്കു കത്തിച്ച് നാക്കിലയുമിട്ട്(തൂശനില) അടുക്കളയിലേക്കു പോയി. തിരിച്ചുവന്ന് നിവര്‍ത്തിവച്ച് വാഴയിലയില്‍ തന്റെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത്  രക്തത്തില്‍ കുളിച്ച് മറിഞ്ഞു വീണു. വൈകുന്നേരത്തോടെ നഞ്ജേലി രക്തം വാര്‍ന്ന് മരിച്ചു. നഞ്ജേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പന്‍ ധീര രക്തസാക്ഷിയായ തന്റെ ഭാ‍ര്യയോടൊപ്പം നരാധമന്മാരുടെ നരകതുല്യമായ രാജ്യത്തില്‍ നിന്നും മുക്തി നേടി. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകമാണെന്ന് പ്രഖ്യാപിച്ച നഞ്ജേലിയുടേയും കണ്ടപ്പന്റേയും ഞെട്ടിപ്പിക്കുന്ന ധീര രക്തസാക്ഷിത്വം കേട്ടറിഞ്ഞ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പിറ്റേന്നു മുതല്‍ മുലക്കരം നിര്‍ത്തലാക്കിയെന്നാണ് പറയപ്പെടുന്നത്. നഞ്ജേലിയുടെ ധീര രക്തസാക്ഷിത്വം കൊണ്ട് ചരിത്രമായിമാറിയ പുരയിടമാണ് മുലച്ചിപ്പറമ്പായത്.

ഇതോടൊപ്പം നഞ്ജേലിയുടെ ധീരമായ ചരിത്രം ഓര്‍മ്മിപ്പിച്ചികൊണ്ട് 2012 ഫെബ്രുവരിയില്‍ ‘ലേബര്‍ ലൈഫ്‘ എന്ന ആള്‍ കേരള ബാങ്ക് എമ്പ്ലോയീസ് ഫെഡറേഷന്‍ മുഖപത്രത്തില്‍ ശ്രീ. എം.എ.വിജയന്‍ എഴുതിയ ചെറു ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി കൂടി ചേര്‍ക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ആ ലേഖനം തുറന്നു വരും.

ചിത്രകാരന്‍റെ നങ്ങേലിയുടെ ത്യാഗം എന്ന പെയിന്‍റിംഗ് പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ :
|നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി|

Sunday, February 19, 2012

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ സംഭാവന


കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് മഹാപണ്ഡിതനാണെന്ന് വിശേഷിപ്പിക്കപ്പെടാന്‍ സര്‍വ്വദായോഗ്യനാണ്. ജ്യോതിഷം,തച്ചുശാസ്ത്രം,മന്ത്രശാസ്ത്രം,തന്ത്രം,വൈദ്യം,വൈദികം,സംസ്കൃതഭാഷ തുടങ്ങിയ ധാരാളം വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അദ്ദേഹം പഠിച്ച പഴയ ശാസ്ത്രങ്ങളിലെ അവഗാഹംകൊണ്ടു മാത്രമല്ല മഹത്വമുള്ള മലയാളിയായിത്തീരുന്നത്. കാണിപ്പയ്യൂര്‍ അവശേഷിപ്പിച്ച നൂറ്റമ്പതോളം പുസ്തകങ്ങളില്‍ ചരിത്ര സാമൂഹ്യശാ‍സ്ത്രപരമായ കുറച്ചു ഗ്രന്ഥങ്ങള്‍ മലയാളത്തിന്റെ നിധിയായി തിരിച്ചറിയപ്പെടാനിരിക്കുന്നതേയുള്ളു. കണിപ്പയ്യൂരിന്റെ കൃതികളിലെ സാഹിത്യ ഭംഗിയോ എഴുത്തിന്റെ പ്രഫഷണലിസമോ അല്ല അതിന്റെ മൂല്യം സൃഷ്ടിക്കുന്നത്.
കേരള സമൂഹത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ വ്യക്തമായ ഒരു സാമൂഹ്യചിത്രം സത്യസന്ധതയോടെയും, ആത്മാര്‍ത്ഥതയോടെയും വരച്ചു ചേര്‍ത്തു എന്നതാണ് കാണിപ്പയ്യൂരിന്റെ വിലമതിക്കപ്പെടേണ്ട സംഭാവന.
പരിഷ്കൃതനും,ചരിത്ര-സാമൂഹ്യബോധമുള്ളവനും, സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളവനുമായ ഒരു നന്മ നിറഞ്ഞമനുഷ്യന്‍ തന്റെ സ്വജാതിയായ നമ്പൂതിരിസമൂഹം വിമര്‍ശിക്കപ്പെടുമ്പോള്‍ പ്രതിരോധം തീര്‍ക്കാനായി സാംസ്ക്കാരികമായ പടക്കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതനാകുന്നതിന്റെ വസ്തുനിഷ്ടമായ ഡയറിക്കുറിപ്പുകളായി അദ്ദേഹത്തിന്റെ പല പുസ്തകങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്.
നായന്മാരുടെ പൂര്‍വ്വചരിത്രം (ഒന്നാം ഭാഗം) കവര്‍ ചിത്രം
ഇത്രയും കാലം നമ്പൂതിരിമാരുടെ അടിമകളായ സേവകരും, ആശ്രിതരായ മാടമ്പികളുമായി കഴിഞ്ഞുപോന്ന നായര്‍ ജാതി സമൂഹം ഇംഗ്ഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായി വിക്റ്റോറിയന്‍ സദാചാരത്തിലേക്ക് ചേക്കേറിയപ്പോള്‍ അവരുടെ സ്വന്തം ശൂദ്രചരിത്രം എത്ര നശിപ്പിച്ചിട്ടും നശിക്കാതെയും വഴങ്ങാതെയും പേടിസ്വപ്നമായിത്തീരുകയും‍, ആ ചരിത്രത്തിന്റെ സൃഷ്ടാക്കളായി നമ്പൂതിരിമാരെ പ്രതിസ്ഥാനത്തു ചേര്‍ക്കുകയാണ് ഇളംകുളം കുഞ്ഞന്‍പിള്ളയെപ്പോലുള്ള നായര്‍ ചരിത്രകാരന്മാര്‍ ചെയ്തത്. ഇത്രയും കാലം തങ്ങളുടെ ആശ്രിതരായി നിന്ന നായന്മാര്‍ അവരുടെ യജമാനരായ നമ്പൂതിരിമാരുടെ ഭൂതകാല നിലപാടുകളെയും പ്രവൃത്തികളേയും എതിര്‍ക്കുന്നത് നന്ദികേടും, വിഢിത്തവുമായി കാ‍ണാനേ കാണിപ്പയ്യൂരിനും കഴിയുമായിരുന്നുള്ളു. കാരണം, നായന്മാരുടെ അടിമത്വംവും വിധേയത്വവും നമ്പൂതിരിമാരുടെ ഭീഷണിയുടെ തണലിലായിരുന്നില്ല. അതുകൊണ്ടുതന്നെ, നായന്മാരുടെ അടിമബോധവും,അക്ഷരാഭ്യാസമില്ലായ്മയും,അറിവില്ലായ്മയും,ആചാര വിശ്വാസങ്ങളും എത്രമാത്രം ലജ്ജാകരമായിരുന്നു എന്ന് സ്വന്തം അനുഭവ സാഹചര്യങ്ങള്‍ ഉദാഹരിച്ചുകൊണ്ട് സ്ഥാപിക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് അനായാസം സാധിച്ചു. അതിലൂടെ വെളിവായ അറിവുകള്‍ കേരളത്തിന്റെ സാമൂഹ്യചരിത്രം തന്നെ മാറ്റിമറിക്കാന്മത്രം ശക്തമായതായിരുന്നു എന്നതാണ് പ്രസക്തമായ കാര്യം. കനപ്പെട്ട ഒരു ചരിത്രരചനയുടെ ചിട്ടവട്ടങ്ങളും, രീതി ശാസ്ത്രങ്ങളുമൊന്നുമില്ലെങ്കിലും കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിന്റെ സത്യസന്ധമായ ചില ഏടുകള്‍ അദ്ദേഹം സ്വാനുഭവത്തില്‍ നിന്നും ചീന്തിയെടുത്തു തരുന്നുണ്ട്.
(കാണിപ്പയ്യൂരിന്റെ നായന്മാരുടെ പൂര്‍വ്വചരിത്രം രണ്ടാംഭാഗത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ ബ്ലോഗിലെ പോസ്റ്റുകളാണ് - 1 മണാളരും നായര്‍ കന്യകമാരും 2 നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍ )

ഇത്രയും പറഞ്ഞതുകൊണ്ട് കാണിപ്പയ്യൂര്‍ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ നമ്പൂതിരി ശകാരത്തില്‍ പ്രകോപിതനായി എതിര്‍വാദങ്ങള്‍ നിരത്തുകമാത്രം ചെയ്ത വ്യക്തിയാണെന്ന് ധരിക്കരുത്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തില്‍ തന്നെ അന്യംനിന്നുകൊണ്ടിരിക്കുന്ന ആചാരങ്ങള്‍, പരമ്പരാഗതമായ സൌകര്യങ്ങള്‍, സമ്പ്രദായങ്ങള്‍,ആഭരണങ്ങള്‍, ഉടയാടകള്‍, വിവിധ ജാതിക്കാരുടെ വേഷങ്ങള്‍, വാഹനങ്ങള്‍, അനാചാരങ്ങള്‍,വിവേചനങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത വിഷയങ്ങളിലേക്കും ഒരു സാക്ഷിയായും നിരീക്ഷകനായും ആഴത്തില്‍ ഇറങ്ങിച്ചെന്ന് അവ സചിത്രം രേഖപ്പെടുത്തി ഭാവി തലമുറക്ക് വേണ്ടി സംഭരിച്ചുവക്കാന്‍ അദ്ധേഹം വളരെയേറെ പ്രയത്നിച്ചതായി കാണാം. നായന്മാരുടെ ഓച്ഛാനിച്ചു നില്‍ക്കല്‍, നമ്പൂതിരിമാര്‍ക്കിടയിലെ ഉയര്‍ന്ന ജാതിക്കാരുടെയുംതാണ ജാതിക്കാരുടേയും വേഷവിധാനങ്ങള്‍, നമ്പൂതിരി സ്ത്രീകളുടെ മറക്കുടപിടിക്കുന്ന വ്യത്യസ്ത രീതികള്‍,തറ്റുടുക്കുന്ന രീതി,സ്വന്തം വീടുകളില്‍ മാറുമറക്കാതെ നടന്നിരുന്ന നമ്പൂതിരി മലയാളി സ്ത്രീകളുടെ സത്യസന്ധമായ ഫോട്ടോകള്‍, ഉപനയനം ചെയ്ത നമ്പൂതിരി കുമാരന്മാരുടെ ചിത്രം, അങ്ങിനെ എല്ലാം യഥാ തഥാ വിവരിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച ദുരഭിമാനമില്ലാത്തതും, ജാത്യാഭിമാനത്തിലുപരി അദ്ദേഹം പുലര്‍ത്തുന്ന സത്യാഭിമുഖ്യവും നമ്മുടെ ആസ്ഥാന ചരിത്രകാരന്മാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഗുണവിശേഷങ്ങളാണ്.

ഏതാണ്ട് 40 വര്‍ഷം മുന്‍പ് നിന്നു പോയ കാര്‍ഷിക ജലസേജന സംവിധനമായ
തേക്കുകൊട്ടയുടെ ചിത്രം ഇലസ്റ്റ്രേറ്റ് ചെയ്തിരിക്കുന്നു.


വിശേഷാവസരങ്ങളില്‍ ആഭരണങ്ങള്‍ ധരിച്ച്
അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഋതുമതിയായ (ആഢ്യന്‍)നമ്പൂതിരി പെണ്‍കുട്ടി

നായന്മാരുടെ പൂര്‍വ്വചരിത്രം എന്ന രണ്ടു വാല്യങ്ങളുള്ള പുസ്തകമെഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് ജാതീയതയുടെ അസ്ക്യത കലശലായുണ്ടാകുമെന്ന് ചിന്തിക്കുന്ന നമ്മുടെ കുഞ്ഞു മനസ്സുകളിലേക്ക് അദ്ധേഹത്തിന്റെ വസ്തുനിഷ്ടവും സത്യസന്ധവുമായ സമൂഹത്തോടും ചരിത്രത്തോടുമുള്ള സമീപനം വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. നൂറുകൊല്ലം മുന്‍പ് പേരിനൊരു കോണകം പോലും ശരിക്കുടുക്കാതെ നടന്ന നായന്മാരും മറ്റു ജാതിക്കാരായ മലയാളികളും തങ്ങളുടെ ജാതി ചരിത്രം രേഖപ്പെടുത്തുമ്പോള്‍ യൂറോപ്പിലെ രാജകീയ വസ്ത്രങ്ങള്‍ കടംവാങ്ങി, വാരിപ്പൊത്തി, തലപ്പാവുകളും രാജകീയ പശ്ചാത്തലങ്ങളും കൃത്രിമമായൊരുക്കി പൊങ്ങച്ചക്കാരാകുമ്പോള്‍ കാണിപ്പയ്യൂരിന്റെ സത്യാഭിമുഖ്യത്തിന് സൂര്യശോഭയാണെന്ന് ഈ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നു.
നമ്പൂതിരി സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തുണിയില്‍
കെട്ടിപ്പൊതിഞ്ഞ് മറക്കുട ചൂടി നടന്നിരുന്ന വിധം

ഉപനയന ചടങ്ങ് കഴിഞ്ഞ നമ്പൂതിരി ബാലന്‍

ബ്രിട്ടീഷുകാരുടെ കാലത്ത് പോസ്റ്റുമാന്‍ ജോലി ചെയ്തിരുന്ന
അഞ്ചലോട്ടക്കാരന്‍

വഴിയാത്രക്കാര്‍ക്ക് മോരിന്‍ വെള്ളം (സംഭാരം) അയിത്തമാകാതെ
വിതരണം ചെയ്യാനുള്ള വഴിയമ്പലം

മുന്തിയ നമ്പൂതിരിമാരെ തിരിച്ചറിയാന്‍ തക്കവിധം ധരിച്ചിരുന്ന
വസ്ത്രത്തിന്റെ ഉടുവട രീതി വിശദമാക്കുന്ന ചിത്രം

ആഢ്യന്‍ നമ്പൂതിരി സ്ത്രീകളുടെ സാധാരണ വേഷവും
വിധവ സ്ത്രീയുടെ വേഷവും ഉദാഹരിക്കുന്ന ചിത്രം

ആഭരണവിഭൂഷിതരായി നില്‍ക്കുന്ന നമ്പൂതിരി സ്ത്രീകള്‍

നമ്മുടെ വിദ്യാഭ്യാസ സംവിധാനം ജാതിമത ശക്തികളുടെ പിടിയിലായതിനാല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ ശരിയായ ചരിത്രം അറിയാനുള്ള അവസരങ്ങളില്ല. അഞ്ചു പൈസയുടെ ഉളുപ്പോ, രാജ്യസ്നേഹമോ, ദേശാഭിമാനമോ ഇല്ലാതിരുന്ന തുക്കട രാജാക്കന്മാരേയും അവരുടെ മന്ത്രിമാരുടേയും വീരശൂര പരാക്രമ ചരിത്രങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിലൂടെ ഭാവി തലമുറക്ക് പകര്‍ന്നു കൊടുക്കുന്നത്. അതിന്റെ ഫലമായി ഏതാണ്ട് 70 വര്‍ഷം മുന്‍പുവരെ മലയാളികള്‍ മാറുമറക്കുന്ന ഏര്‍പ്പാടുപോലും ഉണ്ടായിരുന്നില്ല എന്ന സത്യം പോലും യുവതലമുറക്ക് അജ്ഞാതമാണ്. അത്തരം സത്യങ്ങള്‍ക്കു പകരം ബാലെകളിലും നാടകങ്ങളിലും സിനിമയിലുമൊക്കെ കാണുന്നതുപോലുള്ള രാജകീയ വേഷങ്ങളണിഞ്ഞാണ് നമ്മുടെ പൂര്‍വ്വികര്‍ കേരളം ഭരിച്ചിരുന്നെന്ന ദുരഭിമാനംകൊണ്ട് കണ്ണുകാണാനാകാത്ത യുവതലമുറയെ നമുക്ക് കാണേണ്ടിവരുന്നു. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പോലുള്ള സാമൂഹ്യശാസ്ത്ര ഗവേഷകര്‍ അവശേഷിപ്പിച്ച ഗ്രന്ഥങ്ങള്‍ പ്രകാശം പരത്തുന്നത് സത്യസന്ധമായ ചരിത്രം നഷ്ടപ്പെട്ട മലയാളി സമൂഹത്തിനു വേണ്ടിയാണ്.

കാണിപ്പയ്യൂരിന്റെ ചരിത്ര പുസ്തകങ്ങള്‍ താഴെപ്പറയുന്നവയാണ്.
ലേഖന സമാഹാരം (കാണിപ്പയ്യൂര്‍) - വില 75
എന്റെ സ്മരണകള്‍ (മൂന്നു ഭാഗം) - വില 300
ആര്യന്മാരുടെ കുടിയേറ്റം (4ഭാഗം) - വില 300
നായന്മാരുടെ പൂര്‍വ്വചരിത്രം (1 അം ഭാഗം) 100
നായന്മാരുടെ പൂര്‍വ്വചരിത്രം(2അം ഭാഗം) അച്ചടിയില്‍
നാട്ടുരാജ്യങ്ങള്‍ - വില 100
നമ്പൂതിരിമാരും മരുമക്കത്തായവും - വില 30
(വിലകള്‍ മാറാനിടയുണ്ട്. ഏതാണ്ട് ഒരൂഹം ലഭിക്കാനാണ് വില കാണിച്ചിരിക്കുന്നത്)

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തകങ്ങള്‍ ലഭിക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സ്മാരക ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടാല്‍ മതിയാകും.
കാണിപ്പയ്യൂര്‍. ഫോണ്‍: 04885-211851.
പുസ്തകങ്ങള്‍ തപാലില്‍ ലഭിക്കാന്‍ :
പഞ്ചാഗം പുസ്തകശാല
കോഴിക്കോട് റോഡ്,
കുന്നംകുളം
ഫോണ്‍: 04885-222810.

Friday, February 10, 2012

37 ശ്രീനാരായണ ഗുരു

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ജനപ്രിയ മുഖമായി വിശേഷിപ്പിക്കാവുന്ന ശ്രീ നാരായണ ഗുരുവെക്കുറിച്ചാണ് കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 37 ആം അദ്ധ്യായം പ്രതിപാദിക്കുന്നത്. ഇന്ത്യയൊട്ടുക്ക് സഹ്സ്രാബ്ദങ്ങളോളം ബ്രാഹ്മണ്യം പരത്തിയ ജാതി വിഷ സവര്‍ണ്ണരോഗത്തിന്റെ തിക്തഫലങ്ങളില്‍ നിന്നും രക്ഷനേടാനായി ഉയിരെടുത്ത സാംസ്ക്കാരിക മുന്നേറ്റത്തിന്റെ എതിര്‍ക്കാനാകാത്ത നേതൃത്വമായിരുന്നു ശ്രീ നാരായണ ഗുരുവെന്ന ഹൈന്ദവ സന്യാസിയില്‍ കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശില്‍പ്പിയായ ഡോക്റ്റര്‍ പല്‍പ്പു കണ്ടെത്തിയത്.

ശ്രീ നാരായണ ഗുരുവിന് സവര്‍ണ്ണ ഹിന്ദുമതത്തിന്റെ കള്ള ചരിത്രങ്ങളുടേയും, മയക്കുമരുന്ന് പോലുള്ള വൈദികസാഹിത്യപാണ്ഢിത്യപശയില്‍ നിന്നും പുറത്തുകടക്കാനുള്ള ചരിത്രാവഗാഹം അന്നു ലഭ്യമല്ലായിരുന്നെങ്കിലും തന്റെ കണ്മുന്നില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യത്വഹീനമായ സവര്‍ണ്ണജാതിയതയുടെ ക്രൂര താണ്ഡവത്തിനെതിരെ നന്മയുടേയും മാനവിക സ്നേഹത്തിന്റേയും പ്രകാശം ചൊരിയാനായി. കേരളത്തിലെ അവര്‍ണ്ണര്‍ക്ക് സര്‍വ്വാദരണീയമായ മാനവിക സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പൈതൃകമുണ്ടെന്ന സത്യമാണ് ശ്രീ നാരായണ ഗുരു തന്റെ ജീവിതത്തിലൂടെ ലോകത്തോട് സൌമ്യമായി പ്രഖ്യാപിച്ചത്.
അതിന്റെ ഫലമായുണ്ടായ സാംസ്ക്കാരിക ഉണര്‍വ്വ് കേരളത്തിലെ അവര്‍ണ്ണരില്‍ മാത്രമല്ലാ, സവര്‍ണ്ണരിലും കൃസ്ത്യന്‍ മുസ്ലിം മതസ്തരായ ജനങ്ങളിലും വരെ ക്രിയാത്മകവും മതേതരവുമായ മാനവികബോധത്തിന്റെ വിശാല ചക്രവാളം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ടെന്നു പറയണം.

ജനാധിപത്യഭരണത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തില്‍ സവര്‍ണ്ണ ഹൈന്ദവ വര്‍ഗ്ഗീയ പാര്‍ട്ടിയുടെ താമര വിരിയാതിരിക്കാന്‍ കാരണമായി നില്‍ക്കുന്ന ഘടകം കേരളത്തിലെ ജാതിരഹിത/അവര്‍ണ്ണ സമൂഹത്തിന് ശ്രീ നാരായണ ഗുരുവിനെ മുന്‍‌നിര്‍ത്തിയുണ്ടായ സാംസ്ക്കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രബുദ്ധതയാണെന്നു കാണാം. എന്നാല്‍, അവര്‍ണ്ണരുടെ രാഷ്ട്രീയ-സാംസ്ക്കാരിക ദിശാബോധമായി നിന്ന ശ്രീ നാരായണ പ്രസ്ഥാനവും, ഇടതുപക്ഷ കക്ഷികളും നിരന്തരമാ‍യ സവര്‍ണ്ണ ഹൈന്ദവ പ്രലോപനങ്ങള്‍ക്കുമുന്നില്‍ അടിയറവു പറഞ്ഞു തുടങ്ങിയ ഇക്കാലത്ത് ഹിന്ദുമതത്തിന്റെ നുകങ്ങളിലേക്ക് അവര്‍ണ്ണര്‍ വലിയൊരു ഒഴുക്കായി നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഈ ഒഴുക്കിനെ വര്‍ത്തമാനകാലത്തെ സംമ്പന്ധിച്ച് പഴഞ്ചനായ ശ്രീനാരായണ സൂക്തങ്ങള്‍കൊണ്ട് തടഞ്ഞു നിര്‍ത്താനാകില്ല.

അവര്‍ണ്ണര്‍ എന്തുകൊണ്ടാണ് അരനൂറ്റാണ്ടു മുന്‍പുവരെ ഹിന്ദുക്കളല്ലാതെ നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്നത് എന്ന് ചരിത്രവസ്തുതകളുടെ തെളിവോടെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലൂടെയാകണം നമ്മുടെ സമൂഹത്തെ ശ്രീ നാരായണ ഗുരു പറഞ്ഞ് അവസാനിപ്പിച്ച സ്ഥലത്തുനിന്നും മുന്നോട്ട് നയിക്കേണ്ടത്. അവര്‍ണ്ണ ഹിന്ദുക്കള്‍ മാത്രമല്ല, ഇന്നത്തെ മുസ്ലീങ്ങളും കൃസ്ത്യാനികളും മഹനീയമായ അവര്‍ണ്ണ ബൌദ്ധ പൈതൃകമുള്ളവരും,ബ്രാഹ്മണരുടെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ദ്രോഹം സഹിക്കവയ്യാതെ അന്യമതങ്ങള്‍ സ്വീകരിച്ചവരുമാണെന്ന സത്യം സാമൂഹ്യ ബോധമായി സ്ഥാപിതമാകാതെ ഹിന്ദുമതത്തിന്റെ പാപപങ്കിലമായ ചളിക്കുളത്തില്‍ നിന്നും നമ്മുടെ സമൂഹത്തിനു മോചനം ലഭിക്കില്ല.

കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 37 അദ്ധ്യായം പൂര്‍ണ്ണമായി സ്കാന്‍ ചെയ്ത് സത്യങ്ങളുടെ ശവപ്പറമ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ആ പേജുകള്‍ വായിക്കാന്‍ താഴെക്കൊടുത്ത ലിങ്കില്‍ ക്ലിക്കുക: Sree Narayana guru chapter 37

Sunday, January 15, 2012

ഇന്ത്യയുടെ നാളെയെ നിര്‍മ്മിക്കുന്ന അംബേദ്ക്കര്‍അംബേദ്ക്കറെക്കുറിച്ച് ദളിത് ബന്ധു എന്‍.കെ.ജോസ് എഴുതിയ അംബേദ്ക്കര്‍ ഒരു പഠനം എന്ന പുസ്തകം പരന്ന അറിവും, അസാധാരണമായ ചരിത്ര കാഴ്ച്ചപ്പാടുമുള്ള ഒരു വ്യക്തിയുടെ കോരിത്തരിപ്പിക്കുന്ന വായനാനുഭവത്തിന്റെ സൃഷിയാണെന്നു പറയാം. എന്തായാലും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാളെയുടെ പ്രവാചകനായ അംബേദ്ക്കറെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന പുസ്തകം എന്ന നിലയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ഫസ്റ്റ് എഡിഷന്‍ 1990. സെക്കന്റ് എഡിഷന്‍ 2000. പ്രഭാത് ബുക്ക് ഹൌസ് രണ്ടാം എഡിഷന്‍ 2011. പേജ് 224, വില 150 രൂപ.