
നമുക്കെല്ലാം അറിയാം, കേരളത്തിലെ നായന്മാര്‍ എന്ന ജാതി വിഭാഗം അത്ര മോശക്കാരൊന്നുമല്ലെന്ന്.പക്ഷേ,പഴയകാലത്തെ ബ്രാഹ്മണര്‍ അത് അംഗീകരിച്ചിരുന്നില്ല. ബ്രാഹ്മണര്‍ക്ക് നായര്‍ വെറും ശൂദ്രരായിരുന്നു. നമ്പൂതിരിമാരുടെ സുഗഭോഗത്തിനായുള്ള വെറും വേലക്കാര്‍ !!! കഴിഞ്ഞ ആയിരം കൊല്ലക്കാലത്തിനിടക്ക് കേരളദേശത്തെ ഭരിച്ചിരുന്നവരില്‍ ഏറെയും നായര്‍ ജാതിക്കാരായിരുന്നു. അതുകൊണ്ടുതന്നെ അധികാരത്തിന്റേയും, ഭരണത്തിന്റേയും, പുരോഗതിയുടേയും ഉപരിവര്‍ഗ്ഗമായി നായര്‍ ജാതിക്കാര്‍ ഇന്നും സമസ്തമേഖലകളിലും പൈതൃകസ്മരണകളയവിറക്കി ഭരണവര്‍ഗ്ഗമായി പരിലസിക്കുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ചുരുങ്ങിയത് ആയിരം വര്‍ഷക്കാലമെങ്കിലും നമ്മുടെ സമൂഹത്തില്‍ നായന്മാരെ ശൂദ്രരെന്ന് വിളിച്ച് ഇകഴ്ത്തുമ്പോള്‍തന്നെ നായന്മാരെ ഉപരിവര്‍ഗ്ഗമാകാന്‍ സമൂഹത്തിന്റെയും നാടിന്റേയും (നമ്മുടെ ദൈവങ്ങളുടേപോലും)ഉടമകളും മേധാശക്തിയുമായിരുന്ന ബ്രാഹ്മണര്‍ അനുവദിച്ചിരുന്നത് എന്നത് സമൂഹം ഒന്നടങ്കം ചിന്തിക്കേണ്ട വസ്തുതയാണ്. ആ ചരിത്ര സന്ദര്‍ഭത്തിലേക്ക് വെളിച്ചം വീശുന്ന ചില തെളിവുകളാണ് തിരുവിതാംകൂറിലെ പത്മനാഭക്ഷേത്രത്തിന്റെ ചില ആചാര വിശ്വാസങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും നമുക്ക് സിദ്ധിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ പണ്ടുകാലത്ത് നടന്നിരുന്ന രണ്ടു രാജകീയ ചടങ്ങുകളായ “ഹിരണ്യഗര്‍ഭ”ത്തെക്കുറിച്ചും “തുലാപുരുഷദാന”ത്തെക്കുറിച്ചും നാം പഠിക്കുമ്പോള്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രം തന്നെ തുറന്നുവരുന്നതുകാണാം.
ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഗുണ്ടകളാക്കപ്പെട്ട നായര്‍ രാജാക്കന്മാര്‍
അടിസ്ഥാനപരമായി ഹിന്ദുമതം വര്‍ണ്ണ(ജാതി)വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവരുടെ മതമാണ്. ഹിന്ദുമതവിശ്വാസിക്ക് എല്ലാ മനുഷ്യരേയും തുല്യരായി കാണാന്‍ വിശ്വാസപരമായ തടസ്സങ്ങളുണ്ട്. കാരണം, ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതി സൃഷ്ടിച്ചത് മഹാവിഷ്ണു തന്നെയാണെന്ന് ഭഗവത് ഗീതയില്‍ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശ്രീ കൃഷ്ണന്‍ പ്രഖ്യാപിക്കുന്നുമുണ്ടല്ലോ. ഹിന്ദുമതത്തില്‍ സമൂഹത്തെ ജനനം അടിസ്ഥാനപ്പെടുത്തി ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലായി (ചാതുര്‍വര്‍ണ്ണ്യം) വിഭജിച്ചിരിക്കുന്നു. ഇതില്‍ ബ്രാഹ്മണര്‍ പ്രപഞ്ച സൃഷ്ടാവായ ബ്രഹ്മാവിന്റെ മുഖത്തു നിന്നും ജനിച്ചവരായും, രാജക്കന്മാരുടെ ജാതിയായ ക്ഷത്രിയര്‍ ബ്രഹ്മാവിന്റെ കൈകളില്‍ നിന്നും ജനിച്ചവരും, കച്ചവടക്കാരായ വൈശ്യര്‍ തുടയില്‍ നിന്നും, അടിമകളുടേയും വേലക്കാരുടേയും ജാതിയായ ശൂദ്രര്‍ ബ്രഹ്മാവിന്റെ പാദത്തില്‍ നിന്നും ജനിച്ചവരായും വിശ്വസിക്കുന്നു.
കേരളത്തിലെ മുന്തിയതും താണതുമായ വിവിധ നായര്‍ ജാതിക്കാരെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ഉടമസ്തരായ ബ്രാഹ്മണര്‍ അടിമകളുടെ വര്‍ഗ്ഗമായ ശൂദ്രന്മാരായാണ് സ്ഥാനപ്പെടുത്തിയിട്ടുള്ളത്. അതായത് ബ്രഹ്മാവിന്റെ പാദത്തില്‍ നിന്നും ജനിച്ച ശൂദ്രരെന്ന അടിമവര്‍ഗ്ഗമായാണ് നായര്‍ സവര്‍ണ്ണ ഹിന്ദുമതത്തില്‍ കുടികൊള്ളുന്നത് ! അതുകൊണ്ടുതന്നെ ശൂദ്ര യോനിയില്‍ ജനിച്ച അടിമ വര്‍ഗ്ഗക്കാരായ നായര്‍ക്ക് രാജ്യഭരണം നിഷിദ്ധമാണ്. ശൂദ്രര്‍ രാജഭരണമേല്‍ക്കുന്നത് ബ്രാഹ്മണന്റെ ദൈവീകമായ നിയമങ്ങള്‍ക്കും വിരുദ്ധമാണ്. പക്ഷേ, 1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിന്ദുമതം കേരളത്തില്‍ പ്രചരിച്ചു തുടങ്ങുന്ന കാലത്തും, അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പും കേരളം ഭരിച്ചുവന്ന പുലയ ഗോത്ര രാജാക്കന്മാര്‍ സവര്‍ണ്ണ ഹിന്ദുമതത്തില്‍ ചേര്‍ന്ന് ശൂദ്ര/നായരായി പുനര്‍നാമകരണം ചെയ്യപ്പെടുമ്പോള്‍ അതുവരെ അവര്‍ക്ക് ഉണ്ടായിരുന്ന രാജാധികാരം മറ്റാരെയെങ്കിലും ഏല്‍പ്പിക്കാനാകില്ലല്ലോ. അതുകൊണ്ടുതന്നെ, ബ്രാഹ്മണര്‍ ശൂദ്രവംശശുദ്ധീകരണത്തിനായി ചില വിചിത്രമായ താന്ത്രിക ചടങ്ങുകള്‍ നായര്‍ രാജാക്കന്മാര്‍ അനുഷ്ഠിക്കേണ്ടതുണ്ടെന്ന് നിഷ്ക്കര്‍ഷിച്ചു. അത്യന്തം അശ്ലീലവും സദാചാരവിരുദ്ധവുമായ ചില ചടങ്ങുകള്‍ക്കു പുറമേ ധനംകൊണ്ട് നിവര്‍ത്തിക്കാവുന്ന രണ്ടു ചടങ്ങുകള്‍ നായര്‍ രാജാക്കന്മാര്‍ രാജപദവി ഏറ്റെടുക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. അവയാണ് ഹിരണ്യഗര്‍ഭവും, തുലാപുരുഷദാനവും.
ഹിരണ്യഗര്‍ഭം
തിരുവിതംകൂര്‍ രാജ്യത്തിലെ കിരീടാവകാശികളായ രാജശിശുക്കളെ ഒന്നാം പിറന്നള്‍ ദിനംതന്നെ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ കൊണ്ടുവന്ന് ശ്രീ പത്മനാഭ ദാസനായി(അടിമയായി) അര്‍പ്പിക്കുന്ന “നടതള്ളല്‍” ചടങ്ങിനു വിധേയമാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രസിദ്ധമായ തൃപ്പടിദാന പ്രഖ്യാപനത്തിനു ശേഷമുണ്ടായ ചടങ്ങാകാം അത്. രാജകുമാരന്‍ വളര്‍ന്ന് അധികാരമേല്‍ക്കേണ്ട സമയമാകുമ്പോള്‍ രണ്ടു ദാനധര്‍മ്മ ചടങ്ങുകളാണ് ഹിരണ്യഗര്‍ഭവും, തുലാപുരുഷ ധാനവും.
നായര്‍ സ്ത്രീയുടെ യോനിയില്‍ നിന്നും പിറന്നതിന്റെ പാപം ഇല്ലാതാക്കുക എന്ന ന്യായത്താലായിരിക്കണം ബ്രാഹ്മണന്റെ ദൈവീക മൃഗമായ പശുവിന്റെ ഗര്‍ഭത്തില്‍ പ്രതീകാത്മകമായി ജനപ്പിക്കുന്ന താന്ത്രികമായ ഒരു വിദ്യയാണ് ഹിരണ്യ ഗര്‍ഭ ചടങ്ങിന് ഉപയോഗപ്പെടുത്തിയിരുന്നത്. പത്തടി ഉയരത്തിലും എട്ടടി വ്യാസത്തിലുമുള്ള കുളം എന്നു വിളിക്കാവുന്ന ഒരു സ്വര്‍ണ്ണ പാത്രമാണ് ഹിരണ്യഗര്‍ഭ ചടങ്ങിനായി നിര്‍മ്മിക്കുക. പശുവില്‍ നിന്നും ലഭിക്കുന്ന പാല്‍,തൈര്,നെയ്യ്,ചാണകം,മൂത്രം എന്നീ അഞ്ച് വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന “പഞ്ചഗവ്യം” എന്ന “കൂട്ടുകറി” ദ്രാവകം ഈ സ്വര്‍ണ്ണ പാത്രത്തില്‍ പാതിവരെ നിറക്കുന്നു.അതിനു ശേഷം രാജഭരണമേല്‍ക്കാന്‍ പോകുന്ന രാജകുമാരന്‍ പുരോഹിതരുടേയും,പണ്ഢതരുടെയും,ക്ഷണിക്കപ്പെട്ട പ്രധാനികളുടേയും സാന്നിദ്ധ്യത്തില്‍ ശ്രീപത്മനാഭന്റെ അനുഗ്രഹം വാങ്ങിയതിനുശേഷം പ്രത്യേകം നിര്‍മ്മിച്ച കോണി ഉപയോഗിച്ച് സ്വര്‍ണ്ണ പാത്രത്തിലെ പഞ്ചഗവ്യത്തിലേക്ക് ഇറങ്ങുന്നു. തുടര്‍ന്ന് സ്വര്‍ണ്ണപാത്രം സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച അടപ്പുകൊണ്ട് സേവകര്‍ അടച്ചു വക്കുന്നതും, ഈ സമയത്ത് ബ്രാഹ്മണര്‍ മന്ത്രങ്ങള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാക്കുകയും, യുവരാജാവ് പഞ്ചഗവ്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി അഞ്ചു തവണ മുങ്ങിക്കുളിക്കുകയും ചെയ്യുന്നു. അതിനുശേഷം കോണിയുപയോഗിച്ച് പുറത്തുകടക്കുന്ന “ശൂദ്ര-ക്ഷത്രിയ”നായിത്തീര്‍ന്ന യുവരാജന്‍ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെവച്ച് യുവരാജന്‍ ശ്രീ പത്മനാഭനെ നമസ്ക്കരിച്ച് തൊഴുകയ്യുകളോടെ നില്‍ക്കുകയും,ക്ഷേത്ര തന്ത്രി പ്രാര്‍ത്ഥനാപൂര്‍വ്വം,രാജാവിനെ കിരീടധാരണ കര്‍മ്മം നടത്തിക്കുകയും ചെയ്യുന്നു. അതോടുകൂടി അയാള്‍ “കുലശേഖരപെരുമാള്‍” എന്ന സ്ഥാനം വഹിക്കുന്ന മഹാരാജാവായിത്തീരുന്നു. തിരുവിതാം കൂറിലെ രാജാക്കന്മാരുടെ രാജ്യഭരണമേല്‍ക്കുന്ന പ്രാഥമിക ഘട്ടമായ ഹിരണ്യഗര്‍ഭ ചടങ്ങ് പൂര്‍ത്തിയാകാന്‍ പഞ്ചഗവ്യ സ്നാനത്തിനുപയോഗിച്ച സ്വര്‍ണ്ണ പാത്രം ചെറിയ കഷണങ്ങളായി മുറിച്ച് ആയിരക്കണക്കിനുവരുന്ന ബ്രാഹ്മണര്‍ക്ക് (ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നത് ശ്രദ്ധിക്കുക)ദാനം ചെയ്യുക എന്ന ചടങ്ങുകൂടി രാജാവു പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബ്രാഹ്മണര്‍ക്ക് സ്വര്‍ണ്ണ പാത്രത്തിന്റെ കഷണങ്ങള്‍ ദാനം ചെയ്യുന്നതോടെ ഹിരണ്യ ഗര്‍ഭ ചടങ്ങ് അവസാനിച്ചു. പശുവിന്റെ ഗര്‍ഭം ദിവ്യമാണെന്ന സംങ്കല്‍പ്പമാണ്(ശൂദ്ര സ്ത്രീയുടെ ഗര്‍ഭം ഹീനമാണെന്നും !! ) ബ്രാഹ്മണര്‍ ഹിരണ്യഗര്‍ഭം എന്ന പേരിലുള്ള സ്വര്‍ണ്ണകൊള്ള നടത്താന്‍ ഉപയോഗിച്ചിരുന്നത് എന്ന് ഇതില്‍ നിന്നും മനസിലാകുമല്ലോ.
തുലാപുരുഷദാനം
അടുത്തതായി രാജപദവി ഏല്‍ക്കുന്നതിന്റെ രണ്ടാംഘട്ട ചടങ്ങ് ആരംഭിക്കുകയായി. കുലശേഖരപെരുമാള്‍ എന്ന സ്ഥാനം ഉറപ്പിക്കുന്നതിനായി തുലാപുരുഷ ദാനം നടത്തപ്പെട്ടിരുന്നു. ഇതിനായി പല വലിപ്പത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ തെക്കു കിഴക്കേ മൂലയില്‍ സ്ഥാപിച്ചിട്ടുള്ള കരിംങ്കല്‍ തൂണുകളില്‍ രാജാവിന് ഇരിക്കാനായി ഒരു തുലാസ് തൂക്കിയിടുന്നു. ഒരു തട്ടില്‍ രാജാവും മറുതട്ടില്‍ പലവലിപ്പത്തില്‍ നിര്‍മ്മിക്കപ്പെട്ട സ്വര്‍ണ്ണ നാണയങ്ങളും ഉപയോഗിച്ച് തൂക്കം തുല്യമായി ഒപ്പിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന രാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ സാധാരണ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്ന ചടങ്ങിനെയാണ് തുലാപുരുഷദാനം എന്നു പറയുന്നത്. ബ്രാഹ്മണരുടെ വലിപ്പച്ചെറുപ്പങ്ങള്‍ക്കനുസരിച്ച് ചെറിയ നാണയമോ വലിയ നാണയമോ ദാനം ചെയ്യുന്ന ഏര്‍പ്പാടാണുണ്ടായിരുന്നത്.
ഫലത്തില്‍ ഈ രണ്ടു ചടങ്ങുകളും, രാജാവിനേയും, ഈ ചടങ്ങു നടത്താനായി അവര്‍ണ്ണരായ പ്രജകളെ ഗുണ്ടാപിരിവുപോലുള്ള ക്രൂരനികുതികള്‍കൊണ്ട് ശ്വാസം മുട്ടിച്ചിരുന്ന രാജാവിനേയും അദ്ധ്വാനംകൂടാതെ കൊള്ളയടിക്കാനുള്ള ബ്രാഹ്മണ പുരോഹിതരായ മന്ത്രവാദി സമൂഹത്തിന്റെ കുടിലബുദ്ധിയല്ലാതെ മറ്റൊന്നുമല്ലെന്ന് കാണാം.