Saturday, July 5, 2014

“പൊങ്ങിലിടിയും” ഈഴവ തലകളും

 ഇളനീര്‍ തേങ്ങ മനുഷ്യ തലയോടിന്റെ ആകൃതിയില്‍ വിദഗ്ദമായി ചെത്തിയെടുത്ത്, മന്ത്രവാദികള്‍ (ബ്രാഹ്മണര്‍) രക്തവര്‍ണ്ണത്തിനായി ഉപയോഗിക്കുന്ന “ഗുരുതി” ചേര്‍ത്ത് ഉരലിലിട്ട് ഇടിച്ചു ചതക്കുന്നതും, കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ അടുത്തകാലം വരെ നിലനിന്നിരുന്നതുമായ  ഒരു ദുരാചാരത്തിന്റെ  പേരാണ് “പൊങ്ങിലിടി”. ദേശഭേദമനുസരിച്ച് ചിലയിടങ്ങളില്‍ “കൊങ്ങിലിടി” എന്നും ഈ വഴിപാട് അറിയപ്പെടുന്നു. കാളീക്ഷേത്ര മുറ്റത്ത് രാത്രിനേരത്താണ് ഈ ചടങ്ങു നടത്തുക. കുട്ടികളേയും പ്രായമായ സ്ത്രീകളേയും ഈ ചടങ്ങു നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയില്ല. മനുഷ്യ ശിരസ്സിന്റെ പ്രതീകമായാണ് ഇളനീര്‍ തേങ്ങ കണക്കാക്കപ്പെടുന്നത്. ഗുരുതി മനുഷ്യ രക്തത്തിന്റെ പ്രതീകവും. ഉരലില്‍ തലയോട്ടിയുടെ ആകൃതിയില്‍ ചെത്തിയ ഇളനീര്‍ തേങ്ങയും ഗുരുതിയുമൊഴിച്ച് ഉലക്കകൊണ്ട് ഇടിച്ചു ചതക്കുമ്പോള്‍  രക്തവര്‍ണ്ണമുള്ള ഗുരുതി ഇടിക്കുന്ന സ്ത്രീയുടെയും ചുറ്റും കൂടിനില്‍ക്കുന്നവരുടെയും ശരീരത്തിലും വസ്ത്രത്തിലും ചീറ്റി തെറിക്കുന്നത് ഭക്തര്‍ പുണ്ണ്യമായി കരുതുന്നു.

“കണ്ടപുരന്‍ തലതുണ്ടമിടുന്നവള്‍
ചാമുണ്ഡി എന്നുള്ള നാമം ധരിപ്പവള്‍
കുണ്ഡലം കാതിന്നു വാരണം പൂണ്ടവള്‍
കൂളി പെരുമ്പട ചൂഴത്തടുപ്പവള്‍”

എന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് പൊങ്ങിലിടി നടത്തുക. നായര്‍ സ്ത്രീകള്‍ മാത്രമാണ് ഈ ഭീഭത്സമായ ചടങ്ങില്‍ പങ്കെടുക്കുക. സ്വന്തം വീട്ടില്‍ നിന്നും ഇതിനായി ഉരലും ഉലക്കയുമായി ക്ഷേത്രത്തിലെത്തുന്ന നായര്‍ സ്ത്രീകള്‍ക്ക്  തലയോട്ടി പോലെ ചെത്തിയെടുത്ത തേങ്ങയും, ഗുരുതിയും ക്ഷേത്രത്തില്‍ നിന്നും നല്‍കും. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കുട്ടിക്കാലത്ത് മണ്ഡലകാല അവസാന ദിവസം കുന്നംകുളത്തിനടുത്ത് “മങ്ങാട്” ഭദ്രകാളീ ക്ഷേത്രത്തില്‍ ഏകദേശം 45 ഓളം നായര്‍ സ്ത്രീകള്‍ ഉരലുമായി ക്ഷേത്രത്തിലെത്തി “പൊങ്ങിലിടി” നടത്തിയിരുന്നതായി “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നംകുളം പ്രദേശത്തുതന്നെയുള്ള ചിറക്കല്‍ എന്ന ഭദ്രകാളി ക്ഷേത്രത്തിലും ഇതുപോലെ “പൊങ്ങിലിടി” നടന്നിരുന്നതായും അദ്ധേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നായന്മാര്‍ വളരെ പ്രാകൃതരായിരുന്നെന്നും, ബ്രാഹ്മണ സംസര്‍ഗ്ഗത്താലാണ് നായന്മാര്‍ കുറച്ചെങ്കിലും പരിഷ്കൃതരായതെന്നും സ്ഥാപിക്കാനാണ് ഗ്രന്ഥകാരനായ  കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ആഗ്രഹിച്ചതെങ്കിലും, പൊതുസമൂഹത്തില്‍ നിന്നും മറച്ചുവക്കപ്പെട്ട ചില സത്യങ്ങള്‍ പുറത്തുവരാന്‍ അദ്ദേഹത്തിന്റെ പരാമര്‍ശം ഇടം നല്‍കുന്നുണ്ട്. നായന്മാര്‍ മോശക്കാരായിരുന്നില്ല. മഹാബലിയെപ്പോലുള്ള നന്മനിറഞ്ഞ ഭരണാധികാരികളുടെ (ചേരമാന്മാരുടെ) മഹത്തായ ചരിത്രമുള്ള ചേരമക്കളിലെ ഒരു വിഭാഗത്തെ നരാധമരായ നായന്മാരാക്കി മാറ്റിയത് രക്തദാഹികളായിരുന്ന പരശുരാമനെപ്പോലുള്ള ബ്രാഹ്മണ്യ വംശീയതയുടെ ബുദ്ധമത വിദ്ധ്വേഷവും കുടില ബുദ്ധിയുമാകാനെ തരമുള്ളു. നായര്‍ സമൂഹത്തെ ഈ വിധം സാംസ്ക്കാരികമായി നായ്ക്കോലമാക്കിയതും അവരെക്കൊണ്ട് നരാധമമായ ഗുണ്ടായിസം രാജഭരണമായി ആടി അഭിനയിപ്പിച്ചതും അതിന്റെ ഗുണഭോക്താക്കളായിരുന്ന ബ്രാഹ്മണ്യം തന്നെയായിരുന്നുവല്ലോ.

സത്യത്തില്‍ ഇതു വളരെ വിലപ്പെട്ട ഒരു ചരിത്ര രേഖയാണ്. കേരളത്തില്‍ ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടു മുതല്‍ ബുദ്ധമതക്കാരെ (അവര്‍ണ്ണര്‍ അഥവ ഈഴവര്‍/വിശ്വകര്‍മ്മജര്‍/മുക്കുവര്‍) കൊല്ലുക എന്നത് നായന്മാരുടെ (ശൂദ്രന്മാരുടെ) ഒരു ദിനചര്യയായിരുന്നല്ലോ. ബ്രാഹ്മണര്‍ മനസ്സില്‍ കുത്തി നിറച്ചുകൊടുത്ത അയിത്താചാരത്തിന്റെ മറവില്‍/പ്രേരണയില്‍ ഈ നരാധമ പ്രവൃത്തി നായന്മാര്‍ നിസങ്കോചം ചെയ്തിരുന്നു എന്ന് എത്രയോ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.(ലോഗന്‍, സൊണറാട്ട്, ബുക്കാനാന്‍...). നായന്മാര്‍ ഈഴവരുടെ തല വെട്ടുമ്പോള്‍, നായര്‍ സ്ത്രീകളെക്കൊണ്ട് തല ഉരലിലിട്ട് ഇടിപ്പിച്ച് ഭദ്രകാളിക്ക് നിവേദ്യമായി സമര്‍പ്പിക്കാന്‍ മന്ത്ര-തന്ത്രവാദികളായ ബ്രാഹ്മണ്യം വളരെ വിദഗ്ദമായി ആസൂത്രണം ചെയ്ത ആരാധനാ ക്രമത്തിന്റെ പ്രതീകാത്മക രൂപാന്തരമായെ “പൊങ്ങിലിടിയെ” കാണാനാകു. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ഉത്സാഹിച്ച പൌരോഹിത്യത്തിന്റെ ക്രൂരതയുടെ ചരിത്രം രേഖപ്പെടുത്തിയ ഒരു ദുരാചരമായി മാത്രമല്ല, നമ്മുടെ നശിപ്പിക്കപ്പെട്ട ശരിയായ ചരിത്രത്തിന്റെ തിരുശേഷിപ്പയും പൊങ്ങിലടിയെ കാണേണ്ടിയിരിക്കുന്നു.

4 comments:

mdharan puthanmadom said...

ഭദ്രകാളിക്ഷേത്രങ്ങളിലെ വില്ലിന്‍  തൂക്കവും ക്രൂരമാണ്‌.നരബലിയുടെ ഈ ക്രൂരവിനോദത്തില്‍ മനുഷ്യരെ കെട്ടിത്തൂക്കി വലം വച്ച് കൊല്ലുന്നരീതിയെ ഭദ്രകാളിപ്രീതിക്കെന്നായിരുന്നു പ്രചരണം .ഇന്നും ഈ ദുരാചാരത്തിന്റെ അവശിഷ്ടം നിലവിലുണ്ട്.

Unknown said...

പുതിയ അറിവുകൾ .pongaladi (എന്റെ ഗ്രാമം )എന്ന പേര് വന്നത് ഇങ്ങനെ വല്ലതും ആണോ

Unknown said...

കഷ്ടം തോന്നുന്നു ..

Unknown said...

Possible to get english translation