Saturday, May 25, 2013

കുറൂളി ചേകോന്‍ (1869-1913)

ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് ജില്ലയിലെ കടത്തനാടന്‍ പ്രദേശത്ത് (വടകര) നാടുവാഴിത്ത സംസ്ക്കാരശൂന്യതക്കും, കുടിലതകള്‍ക്കും, ക്രൂരതകള്‍ക്കും എതിരെ ജനങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ആത്മാഭിമാനത്തോടെ ചെറുത്തുനിന്ന കളരി അഭ്യാസിയും കൃഷിക്കാരനുമായിരുന്ന ധീരനായിരുന്നു വാണിയക്കുറുവള്ളി കുഞ്ഞിച്ചേകോന്‍ എന്ന കുറൂളി ചേകോന്‍. ജാതി-മത ചിന്തകള്‍ക്കതീതമായി തിയ്യന്മാരുടേയും, മാപ്പിളമാരുടേയും, പാവപ്പെട്ട നായന്മാരുടേയും, ആദിവാസികളുടേയും മറ്റ് എല്ലാ ജനങ്ങളുടേയും ഉറ്റ തോഴനും ആരാധ്യ പുരുഷനുമായിരുന്ന കുറൂളി ചേകോന്‍ കടത്തനാട് രാജാവിന്റേയും, മാടമ്പികളായ നായര്‍ പ്രമാണിമാരുടേയും കണ്ണിലെ കരടായി മാറി.
 മാടംബികള്‍ ചേകോനെ വകവരുത്തുന്നതിനായി അയച്ച വാടക കൊലയാളികള്‍ നിരന്തരം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ചേകോനെതിരെ കള്ളക്കേസുണ്ടാക്കി ബ്രിട്ടീഷ് പോലീസിനെക്കൊണ്ടും കോടതിയെക്കൊണ്ടും ചേകോനെ ഒതുക്കാനുള്ള ശ്രമമാണ് പിന്നീടു നടന്നത്. ബ്രിട്ടീഷ് കോടതിയില്‍ വിശ്വാസമുണ്ടായിരുന്ന ചേകോന്‍ കേസുമായി സഹകരിക്കുകയും, കള്ളക്കേസായതിനാല്‍ സത്യം കോടതിക്ക് ബോധ്യപ്പെട്ട് കുറ്റവിമുക്തനാക്കപ്പെടുമെന്നും ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാല്‍, കടത്തനാടന്‍ രാജാവും സില്‍ബന്ധികളും ചേകോനെതിരെ ധാരാളം കള്ള സാക്ഷികളെ ഹാജരാക്കി ശിക്ഷ ഉറപ്പുവരുത്തിയിരുന്നതിനാല്‍ കോടതിയില്‍ വിധി വായിക്കപ്പെട്ട ഉടന്‍ ചേകോന്‍ സമര്‍ത്ഥമായി രക്ഷപ്പെട്ട് ഒളിവില്‍ പ്കുകയായിരുന്നു. ഈ ഒളിവു വാസക്കാലത്താണ് ചേകോന്റെ ജനകീയ വീരയോദ്ധാവായുള്ള വളര്‍ച്ച. നാട്ടിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നീതിപൂര്‍വ്വമായ അവസാനവാക്കായും, കഷ്ടപ്പെടുന്നവരേയും ദ്രോഹിക്കപ്പെടുന്നവരേയും രക്ഷിക്കുന്ന അജയ്യ ശക്തിയായും ഒരു ദൈവീക കഥപാത്രമായി ചേകോന്‍ ജന ഹൃദയങ്ങളില്‍ വളരുന്നത്  ആദിവാസികളായ കുറിച്ച്യര്‍ക്കൊപ്പം കാട്ടില്‍ ഒളിവു ജീവിതവും കൃഷിയും നടത്തുന്ന കാലത്താണ്. ചേകോനെ ജീവപര്യന്തം തടവു ശിക്ഷക്ക് വിധിച്ച മജിസ്ട്രേട്ട്  ചേകോനെ നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സരസനും സംസാരപ്രിയനുമയ ഒരു തമിഴ് ബ്രാഹ്മണനായ തുണിവില്‍പ്പനക്കാരനായി വന്ന് ചേകോന്‍  അംബരപ്പിച്ചതും ചരിത്രം.  ചേകോന്റെ പേരിലുള്ള ശിക്ഷ കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് തന്റെ ആത്മ മിത്രങ്ങളായ കുറിച്ച്യരെക്കൊണ്ടുതന്നെ ചതിയില്‍ തോക്കുപയോഗിച്ചും വിഷം പുരട്ടിയ അമ്പുപയോഗിച്ചും നാടുവാഴികള്‍ കൊല്ലിക്കുന്നത്. സവര്‍ണ്ണ താല്‍പ്പര്യങ്ങളാല്‍ തമസ്ക്കരിച്ചതായ ഇതിഹാസ സമാനമായ ഈ വീര പുരുഷന്റെ ചരിത്രം ഒരു സത്യാന്വേഷകന്റെ ആത്മാര്‍ത്ഥതയോടെ ബാംഗ്ലൂര്‍ നിവാസിയായ ശ്രീ.വിഷ്ണു മംഗലം കുമാര്‍ എന്ന പത്രപ്രവര്‍ത്തകന്‍ രേഖപ്പെടുത്തുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. കുറൂളി ചേക്വാന്‍ -ചരിത്രം തമസ്ക്കരിച്ച കടത്തനാടന്‍ സിംഹം എന്നപേരില്‍ ഒരു സചിത്ര പുസ്തകമായിത്തന്നെ കണ്ണൂരിലെ കൈരളി ബുക്സ് ഇത് ജനങ്ങളിലെത്തിച്ചിരിക്കുന്നു. കുറൂളി ചേകോനെക്കുറിച്ച് കുറിച്യര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ചേകോന്റെ വനവാസവും, അന്ത്യവും വിവരിക്കുന്ന വാമൊഴിയായ നാടന്‍ പാട്ട് ശെഖരിച്ച് , അതു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രാഹ്മണ്യം നടപ്പില്‍ വരുത്തിയ സവര്‍ണ്ണ ജാതീയ സംസ്ക്കാരം കേരളത്തിലുടനീളം കൊന്നൊടുക്കിയതും ചതിയില്‍ കൊല്ലിച്ചതുമായ അസംഖ്യം വീര യോദ്ധാക്കളില്‍ പ്രാധാന്യമേറിയ ധീര ചരിത്രമായ ചേകോനെക്കുറിച്ചുള്ള 2009ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇപ്പോള്‍ കണ്ണൂരിലെ കൈരളി ബുക്സില്‍ ലഭ്യമാണ്.
 വിലാസം:
 കൈരളി ബുക്സ് പ്രൈവെറ്റ് ലിമിറ്റെഡ്, 
താളിക്കാവ് റോഡ്, കണ്ണൂര്‍.
 ഫോണ്‍: 0497-2761200.
 ഈ മെയില്‍: kairali_knr@yahoo.co.in
വെബ് സൈറ്റ്: kairalibooks.com
അഭിനന്ദനാര്‍ഹമായ ഈ ദൌത്യം നിര്‍വ്വഹിച്ച ഗ്രന്ഥ രചയിതാവായ ശ്രീ. വിഷ്ണു മംഗലം കുമാറിനെ പുസ്തകത്തില്‍ കൊടുത്ത ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും, റോങ്ങ് നമ്പറായി കാണുന്നു.
പുസ്തകത്തില്‍ കാണുന്ന അദ്ദേഹത്തിന്റെ വിലാസം:
വിഷ്ണുമംഗലം കുമാര്‍,
നമ്പര്‍ 16, മലര്‍വാടി,
 5ത് എ ക്രോസ്, നേതാജി നഗര്‍,
ടി.ദാസറഹള്ളി, ബാംഗ്ലൂര്‍-57,
ഈ മെയില്‍: vmkumar4@yahoo.co.in
ഈ പുസ്തക വായനാക്കുറിപ്പ് ഈ മെയിലായി അയച്ചു നോക്കട്ടെ !



2 comments:

Anil G said...

Any historical evidence???

Anil G said...

Any historical evidence...?