കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് മഹാപണ്ഡിതനാണെന്ന് വിശേഷിപ്പിക്കപ്പെടാന്‍ സര്‍വ്വദായോഗ്യനാണ്. ജ്യോതിഷം,തച്ചുശാസ്ത്രം,മന്ത്രശാസ്ത്രം,തന്ത്രം,വൈദ്യം,വൈദികം,സംസ്കൃതഭാഷ തുടങ്ങിയ ധാരാളം വിഷയങ്ങളില്‍ പാണ്ഡിത്യം നേടിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അദ്ദേഹം പഠിച്ച പഴയ ശാസ്ത്രങ്ങളിലെ അവഗാഹംകൊണ്ടു മാത്രമല്ല മഹത്വമുള്ള മലയാളിയായിത്തീരുന്നത്. കാണിപ്പയ്യൂര്‍ അവശേഷിപ്പിച്ച നൂറ്റമ്പതോളം പുസ്തകങ്ങളില്‍ ചരിത്ര സാമൂഹ്യശാസ്ത്രപരമായ കുറച്ചു ഗ്രന്ഥങ്ങള്‍ മലയാളത്തിന്റെ നിധിയായി തിരിച്ചറിയപ്പെടാനിരിക്കുന്നതേയുള്ളു. കണിപ്പയ്യൂരിന്റെ കൃതികളിലെ സാഹിത്യ ഭംഗിയോ എഴുത്തിന്റെ പ്രഫഷണലിസമോ അല്ല അതിന്റെ മൂല്യം സൃഷ്ടിക്കുന്നത്.
കേരള സമൂഹത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ വ്യക്തമായ ഒരു സാമൂഹ്യചിത്രം സത്യസന്ധതയോടെയും, ആത്മാര്‍ത്ഥതയോടെയും വരച്ചു ചേര്‍ത്തു എന്നതാണ് കാണിപ്പയ്യൂരിന്റെ വിലമതിക്കപ്പെടേണ്ട സംഭാവന.
പരിഷ്കൃതനും,ചരിത്ര-സാമൂഹ്യബോധമുള്ളവനും, സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളവനുമായ ഒരു നന്മ നിറഞ്ഞമനുഷ്യന്‍ തന്റെ സ്വജാതിയായ നമ്പൂതിരിസമൂഹം വിമര്‍ശിക്കപ്പെടുമ്പോള്‍ പ്രതിരോധം തീര്‍ക്കാനായി സാംസ്ക്കാരികമായ പടക്കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതനാകുന്നതിന്റെ വസ്തുനിഷ്ടമായ ഡയറിക്കുറിപ്പുകളായി അദ്ദേഹത്തിന്റെ പല പുസ്തകങ്ങളേയും തിരിച്ചറിയേണ്ടതുണ്ട്.
ഇത്രയും കാലം നമ്പൂതിരിമാരുടെ അടിമകളായ സേവകരും, ആശ്രിതരായ മാടമ്പികളുമായി കഴിഞ്ഞുപോന്ന നായര്‍ ജാതി സമൂഹം ഇംഗ്ഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായി വിക്റ്റോറിയന്‍ സദാചാരത്തിലേക്ക് ചേക്കേറിയപ്പോള്‍ അവരുടെ സ്വന്തം ശൂദ്രചരിത്രം എത്ര നശിപ്പിച്ചിട്ടും നശിക്കാതെയും വഴങ്ങാതെയും പേടിസ്വപ്നമായിത്തീരുകയും, ആ ചരിത്രത്തിന്റെ സൃഷ്ടാക്കളായി നമ്പൂതിരിമാരെ പ്രതിസ്ഥാനത്തു ചേര്‍ക്കുകയാണ് ഇളംകുളം കുഞ്ഞന്‍പിള്ളയെപ്പോലുള്ള നായര്‍ ചരിത്രകാരന്മാര്‍ ചെയ്തത്. ഇത്രയും കാലം തങ്ങളുടെ ആശ്രിതരായി നിന്ന നായന്മാര്‍ അവരുടെ യജമാനരായ നമ്പൂതിരിമാരുടെ ഭൂതകാല നിലപാടുകളെയും പ്രവൃത്തികളേയും എതിര്‍ക്കുന്നത് നന്ദികേടും, വിഢിത്തവുമായി കാണാനേ കാണിപ്പയ്യൂരിനും കഴിയുമായിരുന്നുള്ളു. കാരണം, നായന്മാരുടെ അടിമത്വംവും വിധേയത്വവും നമ്പൂതിരിമാരുടെ ഭീഷണിയുടെ തണലിലായിരുന്നില്ല. അതുകൊണ്ടുതന്നെ, നായന്മാരുടെ അടിമബോധവും,അക്ഷരാഭ്യാസമില്ലായ്മയും,അറിവില്ലായ്മയും,ആചാര വിശ്വാസങ്ങളും എത്രമാത്രം ലജ്ജാകരമായിരുന്നു എന്ന് സ്വന്തം അനുഭവ സാഹചര്യങ്ങള്‍ ഉദാഹരിച്ചുകൊണ്ട് സ്ഥാപിക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് അനായാസം സാധിച്ചു. അതിലൂടെ വെളിവായ അറിവുകള്‍ കേരളത്തിന്റെ സാമൂഹ്യചരിത്രം തന്നെ മാറ്റിമറിക്കാന്മത്രം ശക്തമായതായിരുന്നു എന്നതാണ് പ്രസക്തമായ കാര്യം. കനപ്പെട്ട ഒരു ചരിത്രരചനയുടെ ചിട്ടവട്ടങ്ങളും, രീതി ശാസ്ത്രങ്ങളുമൊന്നുമില്ലെങ്കിലും കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിന്റെ സത്യസന്ധമായ ചില ഏടുകള്‍ അദ്ദേഹം സ്വാനുഭവത്തില്‍ നിന്നും ചീന്തിയെടുത്തു തരുന്നുണ്ട്.
(കാണിപ്പയ്യൂരിന്റെ നായന്മാരുടെ പൂര്‍വ്വചരിത്രം രണ്ടാംഭാഗത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതിയ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഈ ബ്ലോഗിലെ പോസ്റ്റുകളാണ് - 1 മണാളരും നായര്‍ കന്യകമാരും 2 നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍ )
ഇത്രയും പറഞ്ഞതുകൊണ്ട് കാണിപ്പയ്യൂര്‍ ഇളംകുളം കുഞ്ഞന്‍ പിള്ളയുടെ നമ്പൂതിരി ശകാരത്തില്‍ പ്രകോപിതനായി എതിര്‍വാദങ്ങള്‍ നിരത്തുകമാത്രം ചെയ്ത വ്യക്തിയാണെന്ന് ധരിക്കരുത്. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തില്‍ തന്നെ അന്യംനിന്നുകൊണ്ടിരിക്കുന്ന ആചാരങ്ങള്‍, പരമ്പരാഗതമായ സൌകര്യങ്ങള്‍, സമ്പ്രദായങ്ങള്‍,ആഭരണങ്ങള്‍, ഉടയാടകള്‍, വിവിധ ജാതിക്കാരുടെ വേഷങ്ങള്‍, വാഹനങ്ങള്‍, അനാചാരങ്ങള്‍,വിവേചനങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ സമസ്ത വിഷയങ്ങളിലേക്കും ഒരു സാക്ഷിയായും നിരീക്ഷകനായും ആഴത്തില്‍ ഇറങ്ങിച്ചെന്ന് അവ സചിത്രം രേഖപ്പെടുത്തി ഭാവി തലമുറക്ക് വേണ്ടി സംഭരിച്ചുവക്കാന്‍ അദ്ധേഹം വളരെയേറെ പ്രയത്നിച്ചതായി കാണാം. നായന്മാരുടെ ഓച്ഛാനിച്ചു നില്‍ക്കല്‍, നമ്പൂതിരിമാര്‍ക്കിടയിലെ ഉയര്‍ന്ന ജാതിക്കാരുടെയുംതാണ ജാതിക്കാരുടേയും വേഷവിധാനങ്ങള്‍, നമ്പൂതിരി സ്ത്രീകളുടെ മറക്കുടപിടിക്കുന്ന വ്യത്യസ്ത രീതികള്‍,തറ്റുടുക്കുന്ന രീതി,സ്വന്തം വീടുകളില്‍ മാറുമറക്കാതെ നടന്നിരുന്ന നമ്പൂതിരി മലയാളി സ്ത്രീകളുടെ സത്യസന്ധമായ ഫോട്ടോകള്‍, ഉപനയനം ചെയ്ത നമ്പൂതിരി കുമാരന്മാരുടെ ചിത്രം, അങ്ങിനെ എല്ലാം യഥാ തഥാ വിവരിക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച ദുരഭിമാനമില്ലാത്തതും, ജാത്യാഭിമാനത്തിലുപരി അദ്ദേഹം പുലര്‍ത്തുന്ന സത്യാഭിമുഖ്യവും നമ്മുടെ ആസ്ഥാന ചരിത്രകാരന്മാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഗുണവിശേഷങ്ങളാണ്.
ഏതാണ്ട് 40 വര്‍ഷം മുന്‍പ് നിന്നു പോയ കാര്‍ഷിക ജലസേജന സംവിധനമായ
തേക്കുകൊട്ടയുടെ ചിത്രം ഇലസ്റ്റ്രേറ്റ് ചെയ്തിരിക്കുന്നു.
തേക്കുകൊട്ടയുടെ ചിത്രം ഇലസ്റ്റ്രേറ്റ് ചെയ്തിരിക്കുന്നു.
വിശേഷാവസരങ്ങളില്‍ ആഭരണങ്ങള്‍ ധരിച്ച്
അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഋതുമതിയായ (ആഢ്യന്‍)നമ്പൂതിരി പെണ്‍കുട്ടി
അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഋതുമതിയായ (ആഢ്യന്‍)നമ്പൂതിരി പെണ്‍കുട്ടി
നായന്മാരുടെ പൂര്‍വ്വചരിത്രം എന്ന രണ്ടു വാല്യങ്ങളുള്ള പുസ്തകമെഴുതിയ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന് ജാതീയതയുടെ അസ്ക്യത കലശലായുണ്ടാകുമെന്ന് ചിന്തിക്കുന്ന നമ്മുടെ കുഞ്ഞു മനസ്സുകളിലേക്ക് അദ്ധേഹത്തിന്റെ വസ്തുനിഷ്ടവും സത്യസന്ധവുമായ സമൂഹത്തോടും ചരിത്രത്തോടുമുള്ള സമീപനം വ്യക്തമാക്കുന്ന ചിത്രങ്ങളാണിത്. നൂറുകൊല്ലം മുന്‍പ് പേരിനൊരു കോണകം പോലും ശരിക്കുടുക്കാതെ നടന്ന നായന്മാരും മറ്റു ജാതിക്കാരായ മലയാളികളും തങ്ങളുടെ ജാതി ചരിത്രം രേഖപ്പെടുത്തുമ്പോള്‍ യൂറോപ്പിലെ രാജകീയ വസ്ത്രങ്ങള്‍ കടംവാങ്ങി, വാരിപ്പൊത്തി, തലപ്പാവുകളും രാജകീയ പശ്ചാത്തലങ്ങളും കൃത്രിമമായൊരുക്കി പൊങ്ങച്ചക്കാരാകുമ്പോള്‍ കാണിപ്പയ്യൂരിന്റെ സത്യാഭിമുഖ്യത്തിന് സൂര്യശോഭയാണെന്ന് ഈ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നു.
മുന്തിയ നമ്പൂതിരിമാരെ തിരിച്ചറിയാന്‍ തക്കവിധം ധരിച്ചിരുന്ന
വസ്ത്രത്തിന്റെ ഉടുവട രീതി വിശദമാക്കുന്ന ചിത്രം
വസ്ത്രത്തിന്റെ ഉടുവട രീതി വിശദമാക്കുന്ന ചിത്രം
നമ്മുടെ വിദ്യാഭ്യാസ സംവിധാനം ജാതിമത ശക്തികളുടെ പിടിയിലായതിനാല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ ശരിയായ ചരിത്രം അറിയാനുള്ള അവസരങ്ങളില്ല. അഞ്ചു പൈസയുടെ ഉളുപ്പോ, രാജ്യസ്നേഹമോ, ദേശാഭിമാനമോ ഇല്ലാതിരുന്ന തുക്കട രാജാക്കന്മാരേയും അവരുടെ മന്ത്രിമാരുടേയും വീരശൂര പരാക്രമ ചരിത്രങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിലൂടെ ഭാവി തലമുറക്ക് പകര്‍ന്നു കൊടുക്കുന്നത്. അതിന്റെ ഫലമായി ഏതാണ്ട് 70 വര്‍ഷം മുന്‍പുവരെ മലയാളികള്‍ മാറുമറക്കുന്ന ഏര്‍പ്പാടുപോലും ഉണ്ടായിരുന്നില്ല എന്ന സത്യം പോലും യുവതലമുറക്ക് അജ്ഞാതമാണ്. അത്തരം സത്യങ്ങള്‍ക്കു പകരം ബാലെകളിലും നാടകങ്ങളിലും സിനിമയിലുമൊക്കെ കാണുന്നതുപോലുള്ള രാജകീയ വേഷങ്ങളണിഞ്ഞാണ് നമ്മുടെ പൂര്‍വ്വികര്‍ കേരളം ഭരിച്ചിരുന്നെന്ന ദുരഭിമാനംകൊണ്ട് കണ്ണുകാണാനാകാത്ത യുവതലമുറയെ നമുക്ക് കാണേണ്ടിവരുന്നു. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെപ്പോലുള്ള സാമൂഹ്യശാസ്ത്ര ഗവേഷകര്‍ അവശേഷിപ്പിച്ച ഗ്രന്ഥങ്ങള്‍ പ്രകാശം പരത്തുന്നത് സത്യസന്ധമായ ചരിത്രം നഷ്ടപ്പെട്ട മലയാളി സമൂഹത്തിനു വേണ്ടിയാണ്.
കാണിപ്പയ്യൂരിന്റെ ചരിത്ര പുസ്തകങ്ങള്‍ താഴെപ്പറയുന്നവയാണ്.
ലേഖന സമാഹാരം (കാണിപ്പയ്യൂര്‍) - വില 75
എന്റെ സ്മരണകള്‍ (മൂന്നു ഭാഗം) - വില 300
ആര്യന്മാരുടെ കുടിയേറ്റം (4ഭാഗം) - വില 300
നായന്മാരുടെ പൂര്‍വ്വചരിത്രം (1 അം ഭാഗം) 100
നായന്മാരുടെ പൂര്‍വ്വചരിത്രം(2അം ഭാഗം) അച്ചടിയില്‍
നാട്ടുരാജ്യങ്ങള്‍ - വില 100
നമ്പൂതിരിമാരും മരുമക്കത്തായവും - വില 30
(വിലകള്‍ മാറാനിടയുണ്ട്. ഏതാണ്ട് ഒരൂഹം ലഭിക്കാനാണ് വില കാണിച്ചിരിക്കുന്നത്)
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ പുസ്തകങ്ങള്‍ ലഭിക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സ്മാരക ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടാല്‍ മതിയാകും.
കാണിപ്പയ്യൂര്‍. ഫോണ്‍: 04885-211851.
പുസ്തകങ്ങള്‍ തപാലില്‍ ലഭിക്കാന്‍ :
പഞ്ചാഗം പുസ്തകശാല
കോഴിക്കോട് റോഡ്,
കുന്നംകുളം
ഫോണ്‍: 04885-222810.