
ബ്രിട്ടീഷ് ഭരണം നല്‍കിയ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ ഒരു പുതിയ സൂര്യോദയത്തിന്റെ പുരോഗമന ചിന്തകളുണര്‍ത്തി. സ്വാഭാവികമായും ഈ പുതിയ സൂര്യോദയത്തെക്കുറിച്ച് ആദ്യം ബോധവാന്മാരായത് ഇന്ത്യയിലെ ബ്രാഹ്മണര്‍ തന്നെയായിരുന്നു. സവര്‍ണ്ണ ഹിന്ദുമതത്തിന്റെ തിന്മയാര്‍ന്ന മുഖം അനാവൃതമാകുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ ബ്രാഹ്മണര്‍ ഹിന്ദുമത പരിഷ്ക്കരണവാദികളായി “സതി” എന്ന സ്ത്രീഹത്യാ ദുരാചാരത്തിനെതിരെയും വിധവാവിവാഹത്തിന്റെ ആവശ്യകതക്കു വേണ്ടിയും രംഗത്തുവന്നു. രാജാറാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ ബംഗാളിലൊരു ജീവകാരുണ്യ പ്രസ്ഥാനമായി “ബ്രഹ്മസമാജം” ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പ്രകംബനങ്ങള്‍ സൃഷ്ടിച്ചു. മുഴുവന്‍ ഇന്ത്യക്കാരേയും പൂണൂല്‍ ധരിപ്പിച്ച് ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയെ വിശാല ഹൈന്ദവീകരിക്കാന്‍ ഇറങ്ങിത്തിരിച്ച സ്വാമി ദയാനന്ദസരസ്വതിയുടെ പഞ്ചാബിലെ “ആര്യസമാജവും”, മഹാരാഷ്ട്രയിലെ “പ്രാര്‍ത്ഥനാസമാജവും”തമിഴ് നാട്ടിലെ “അബ്രാഹ്മണ പ്രസ്ഥാനവും” ഇംഗ്ലീഷ് വിദ്യാഭ്യാസം ജന്മം നല്‍കിയ നവോത്ഥാനത്തിന്റെ തുടര്‍ചലനങ്ങളായിരുന്നു.
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനം കുറച്ചുകൂടി ശക്തമായിരുന്നു. അതിനു കാരണം ഹിന്ദുമതത്തെ ആധുനിക വെല്ലുവിളികള്‍ നേരിടാന്‍ പാകത്തിന് നവീകരിക്കാനിറങ്ങിയ ഉപരിവര്‍ഗ്ഗമായ ബ്രാഹ്മണര്‍ക്കു പകരം കേരളത്തില്‍ അധസ്ഥിത ജന സമൂഹത്തില്‍ നിന്നുമാണ് നവോത്ഥാന പ്രസ്ഥാനം ജന്മംകൊള്ളുന്നത്. അതിനു കാരണക്കാരനായ അസാധാരണാംവിധം ഊര്‍ജ്ജ്യസ്വലനും, കുശാഗ്രബുദ്ധിയുമായ ഡോക്റ്റര്‍ പി.പല്‍പ്പുവായിരുന്നു. 1863ല്‍ തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. അധസ്ഥിതരായ അവര്‍ണ്ണ സമൂഹം അടിമകളായി പ്രതീക്ഷയറ്റ് ഒരു പുരോഗമന സ്വപ്നവുമില്ലാതെ കഴിഞ്ഞുകൂടുമ്പോഴാണ് തിരുവിതാംകൂറില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട്, മദ്രാസില്‍ പോയി മെഡിസിന്‍ പാസായി, വീണ്ടും തിരുവിതാംകൂറില്‍ ഉദ്ദ്യോഗവും നിഷേധിക്കപ്പെട്ട് മൈസൂര്‍ രാജ്യത്ത് പോയി ഡോക്റ്ററായി പ്രാക്റ്റീസ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ തലങ്ങളിലേക്കും, മാധ്യമങ്ങളിലേക്കും നിരന്തരം സാമൂഹ്യസമത്വത്തിനായി നിവേദനങ്ങളയച്ചും, ലേഖനങ്ങളെഴുതിയും, മഹദ് വ്യക്തികളെ സന്ദര്‍ശിച്ചും, കോണ്‍ഗ്രസ്സ് യോഗത്തിന്റെയും വൈസ്രോയിയുടേയും ശ്രദ്ധ ക്ഷണിച്ചും, ഡോക്റ്റര്‍ പല്‍പ്പു നടത്തിയ ഏകാങ്ക വിപ്ലവപ്രവര്‍ത്തനം ഇതിഹസങ്ങളെ വെല്ലുന്ന തരത്തിലുള്ള ഒരു വ്യക്തിയുടെ കഠിനദ്ധ്വാനത്തിന്റെ വിജയഗാഥയായിരുന്നെന്നു പറയണം.
കേരളത്തിലെ ഈഴവരെപ്പോലുള്ള ബംഗാളിലെ നാമശൂദ്രവിഭാഗമായ കായസ്ഥരിലെ ദത്ത് വര്‍ഗ്ഗത്തില്‍പ്പെട്ട വിശ്വവിഖ്യാതനായ സ്വാമി വിവേകാനന്ദന്‍ 1892ല്‍ മൈസൂര്‍ സന്ദര്‍ശിക്കുകയും, ദിവാന്‍ജി ശേഷാദ്രി അയ്യരുടെ അതിഥിയായി താമസിക്കുകയും ചെയ്തപ്പോഴാണ് ഡോ.പല്‍പ്പു സ്വാമി വിവേകാനന്ദനെ പലതവണ സന്ദര്‍ശിക്കുകയും തിരുവിതാംകൂറിലെ ഈഴവര്‍ അനുഭവിക്കുന്ന ക്രൂരമായ വിവേചനങ്ങളെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്യുന്നത്. സ്വാമി ബാംഗ്ലൂര്‍ വിടുന്നതിനു മുന്‍പ് ഡൊ.പല്‍പ്പുവുമായി 3 മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലേര്‍പ്പെടുകയും, അതില്‍ നിന്നും ഒരു പ്രായോഗിക പദ്ധതി ആവിഷ്ക്കരിക്കുകയുമാണുണ്ടായത്. ഇന്ത്യയുടെ പ്രത്യേക പരിതസ്ഥിതിയില്‍ ആദ്ധ്യാത്മിക ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ അവശ സമുദായങ്ങള്‍ സംഘടിച്ച് അവകാശസമരം നടത്തേണ്ടത് വിജയകരമായ പരിസമാപ്തിക്ക് അനുപേക്ഷണീയമാണെന്ന പ്രായോഗികമായ ഉപദേശമാണ് സ്വാമി വിവേകനാന്ദനില്‍ നിന്നും ഡൊക്റ്റര്‍ പല്‍പ്പുവിനു ലഭിച്ചത്.
പല്‍പ്പുവിനു ലഭിച്ച ഈ ഉപദേശമാണ് ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കാനും മീശപൊടിച്ചിട്ടില്ലാത്ത എന്‍.കുമാരനെ സ്വന്തം ചിലവില്‍ വിദ്യാഭ്യാസം നല്‍കി അധസ്ഥിത ജനതയുടെ കുമാരനാശാനെന്ന മാനവിക ജിഹ്വയാക്കാനും അതുപോലുള്ള നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളെ അണിനിരത്തി സാമൂഹ്യവിപ്ലവം സാധ്യമാക്കാനും കാരണമായതെന്ന യാഥാര്‍ത്ഥ്യം ഇന്നത്തെ വംശനാശ ഭീഷണി നേരിടുന്ന ഷണ്ഡമായ കമ്മ്യൂണിസ്റ്റു കക്ഷികള്‍ക്കും, വെറും ചൊറിയല്‍ സംഘങ്ങളായി നിലകൊള്ളുന്ന നിരീശ്വരവാദികള്‍ക്കും, യുക്തിവാദികള്‍ക്കും വരെ ബോധോദയം നല്‍കേണ്ടതാണ്.
കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ ഡോ.പി.പല്‍പ്പു എന്ന 36ആം അദ്ധ്യായം ഇവിടെ(Dr. P. Palpu, chapter 36) സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. ക്ലിക്കി വായിക്കുക.
ഡൊ.പി.പല്‍പ്പുവിന്റെ ജീവ ചരിത്ര ലിങ്ക്. പല്‍പ്പുവിന്റെ ജീവ ചരിത്രം മലയാളം വിക്കിയില്‍
