Thursday, December 29, 2011

36.കേരള നവോത്ഥന ശില്പിയായ ഡോക്റ്റര്‍ പി.പല്‍പ്പു


ബ്രിട്ടീഷ് ഭരണം നല്‍കിയ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ ഒരു പുതിയ സൂര്യോദയത്തിന്റെ പുരോഗമന ചിന്തകളുണര്‍ത്തി. സ്വാഭാവികമായും ഈ പുതിയ സൂര്യോദയത്തെക്കുറിച്ച് ആദ്യം ബോധവാന്മാരായത് ഇന്ത്യയിലെ ബ്രാഹ്മണര്‍ തന്നെയായിരുന്നു. സവര്‍ണ്ണ ഹിന്ദുമതത്തിന്റെ തിന്മയാര്‍ന്ന മുഖം അനാവൃതമാകുന്നതിന്റെ അപകടം തിരിച്ചറിഞ്ഞ ബ്രാഹ്മണര്‍ ഹിന്ദുമത പരിഷ്ക്കരണവാദികളായി “സതി” എന്ന സ്ത്രീഹത്യാ ദുരാചാരത്തിനെതിരെയും വിധവാവിവാഹത്തിന്റെ ആവശ്യകതക്കു വേണ്ടിയും രംഗത്തുവന്നു. രാജാറാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ ബംഗാളിലൊരു ജീവകാരുണ്യ പ്രസ്ഥാനമായി “ബ്രഹ്മസമാജം” ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും പ്രകംബനങ്ങള്‍ സൃഷ്ടിച്ചു. മുഴുവന്‍ ഇന്ത്യക്കാരേയും പൂണൂല്‍ ധരിപ്പിച്ച് ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതിയെ വിശാല ഹൈന്ദവീകരിക്കാന്‍ ഇറങ്ങിത്തിരിച്ച സ്വാമി ദയാനന്ദസരസ്വതിയുടെ പഞ്ചാബിലെ “ആര്യസമാജവും”, മഹാരാഷ്ട്രയിലെ “പ്രാര്‍ത്ഥനാസമാജവും”തമിഴ് നാട്ടിലെ “അബ്രാഹ്മണ പ്രസ്ഥാനവും” ഇംഗ്ലീഷ് വിദ്യാഭ്യാസം ജന്മം നല്‍കിയ നവോത്ഥാനത്തിന്റെ തുടര്‍ചലനങ്ങളായിരുന്നു.

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നവോത്ഥാന പ്രസ്ഥാനം കുറച്ചുകൂടി ശക്തമായിരുന്നു. അതിനു കാരണം ഹിന്ദുമതത്തെ ആധുനിക വെല്ലുവിളികള്‍ നേരിടാന്‍ പാകത്തിന് നവീകരിക്കാനിറങ്ങിയ ഉപരിവര്‍ഗ്ഗമായ ബ്രാഹ്മണര്‍ക്കു പകരം കേരളത്തില്‍ അധസ്ഥിത ജന സമൂഹത്തില്‍ നിന്നുമാണ് നവോത്ഥാന പ്രസ്ഥാനം ജന്മംകൊള്ളുന്നത്. അതിനു കാരണക്കാരനായ അസാധാരണാംവിധം ഊര്‍ജ്ജ്യസ്വലനും, കുശാഗ്രബുദ്ധിയുമായ ഡോക്റ്റര്‍ പി.പല്‍പ്പുവായിരുന്നു. 1863ല്‍ തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. അധസ്ഥിതരായ അവര്‍ണ്ണ സമൂഹം അടിമകളായി പ്രതീക്ഷയറ്റ് ഒരു പുരോഗമന സ്വപ്നവുമില്ലാതെ കഴിഞ്ഞുകൂടുമ്പോഴാണ് തിരുവിതാംകൂറില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട്, മദ്രാസില്‍ പോയി മെഡിസിന്‍ പാസായി, വീണ്ടും തിരുവിതാംകൂറില്‍ ഉദ്ദ്യോഗവും നിഷേധിക്കപ്പെട്ട് മൈസൂര്‍ രാജ്യത്ത് പോയി ഡോക്റ്ററായി പ്രാക്റ്റീസ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ തലങ്ങളിലേക്കും, മാധ്യമങ്ങളിലേക്കും നിരന്തരം സാമൂഹ്യസമത്വത്തിനായി നിവേദനങ്ങളയച്ചും, ലേഖനങ്ങളെഴുതിയും, മഹദ് വ്യക്തികളെ സന്ദര്‍ശിച്ചും, കോണ്‍ഗ്രസ്സ് യോഗത്തിന്റെയും വൈസ്രോയിയുടേയും ശ്രദ്ധ ക്ഷണിച്ചും, ഡോക്റ്റര്‍ പല്‍പ്പു നടത്തിയ ഏകാങ്ക വിപ്ലവപ്രവര്‍ത്തനം ഇതിഹസങ്ങളെ വെല്ലുന്ന തരത്തിലുള്ള ഒരു വ്യക്തിയുടെ കഠിനദ്ധ്വാനത്തിന്റെ വിജയഗാഥയായിരുന്നെന്നു പറയണം.

കേരളത്തിലെ ഈഴവരെപ്പോലുള്ള ബംഗാളിലെ നാമശൂദ്രവിഭാഗമായ കായസ്ഥരിലെ ദത്ത് വര്‍ഗ്ഗത്തില്‍പ്പെട്ട വിശ്വവിഖ്യാതനായ സ്വാമി വിവേകാനന്ദന്‍ 1892ല്‍ മൈസൂര്‍ സന്ദര്‍ശിക്കുകയും, ദിവാന്‍‌ജി ശേഷാദ്രി അയ്യരുടെ അതിഥിയായി താമസിക്കുകയും ചെയ്തപ്പോഴാണ് ഡോ.പല്‍പ്പു സ്വാമി വിവേകാനന്ദനെ പലതവണ സന്ദര്‍ശിക്കുകയും തിരുവിതാംകൂറിലെ ഈഴവര്‍ അനുഭവിക്കുന്ന ക്രൂരമായ വിവേചനങ്ങളെക്കുറിച്ച് അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്യുന്നത്. സ്വാമി ബാംഗ്ലൂര്‍ വിടുന്നതിനു മുന്‍പ് ഡൊ.പല്‍പ്പുവുമായി 3 മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലേര്‍പ്പെടുകയും, അതില്‍ നിന്നും ഒരു പ്രായോഗിക പദ്ധതി ആവിഷ്ക്കരിക്കുകയുമാണുണ്ടായത്. ഇന്ത്യയുടെ പ്രത്യേക പരിതസ്ഥിതിയില്‍ ആദ്ധ്യാത്മിക ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ അവശ സമുദായങ്ങള്‍ സംഘടിച്ച് അവകാശസമരം നടത്തേണ്ടത് വിജയകരമായ പരിസമാപ്തിക്ക് അനുപേക്ഷണീയമാണെന്ന പ്രായോഗികമായ ഉപദേശമാണ് സ്വാമി വിവേകനാന്ദനില്‍ നിന്നും ഡൊക്റ്റര്‍ പല്‍പ്പുവിനു ലഭിച്ചത്.

പല്‍പ്പുവിനു ലഭിച്ച ഈ ഉപദേശമാണ് ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കാനും മീശപൊടിച്ചിട്ടില്ലാത്ത എന്‍.കുമാരനെ സ്വന്തം ചിലവില്‍ വിദ്യാഭ്യാസം നല്‍കി അധസ്ഥിത ജനതയുടെ കുമാരനാശാനെന്ന മാനവിക ജിഹ്വയാക്കാനും അതുപോലുള്ള നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളെ അണിനിരത്തി സാമൂഹ്യവിപ്ലവം സാധ്യമാക്കാനും കാരണമായതെന്ന യാഥാര്‍ത്ഥ്യം ഇന്നത്തെ വംശനാശ ഭീഷണി നേരിടുന്ന ഷണ്ഡമായ കമ്മ്യൂണിസ്റ്റു കക്ഷികള്‍ക്കും, വെറും ചൊറിയല്‍ സംഘങ്ങളായി നിലകൊള്ളുന്ന നിരീശ്വരവാദികള്‍ക്കും, യുക്തിവാദികള്‍ക്കും വരെ ബോധോദയം നല്‍കേണ്ടതാണ്.

കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ ഡോ.പി.പല്‍പ്പു എന്ന 36ആം അദ്ധ്യായം ഇവിടെ(Dr. P. Palpu, chapter 36) സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. ക്ലിക്കി വായിക്കുക.

ഡൊ.പി.പല്‍പ്പുവിന്റെ ജീവ ചരിത്ര ലിങ്ക്. പല്‍പ്പുവിന്റെ ജീവ ചരിത്രം മലയാളം വിക്കിയില്‍

Monday, December 26, 2011

34 നവോത്ഥാനത്തിന്റെ അരുണോദയം

തിരുവിതാംകൂറില്‍ രാജാവിനോ മറ്റു പ്രജകളിലാര്‍ക്കെങ്കിലുമോ ഒരു മോട്ടോര്‍ കാര്‍ സ്വന്തമാക്കാനോ സ്വപ്നം കാണാനോ കഴിയാതിരുന്ന കാലത്ത് തിരുവിതാം കൂറിലെ രാജ വീഥികളിലൂടെ സ്വന്തം കാറില്‍ യാത്രചെയ്തിരുന്ന പ്രതാപശാലിയായിരുന്നു ആലും മൂട്ടില്‍ കൊച്ചു കുഞ്ഞ് ചാന്നാര്‍. അക്കാലത്തെ ഭീമമായ തുകയായിരുന്ന 15000 രൂപയും 12000 പറ നെല്ലും ആണ്ടില്‍ നികുതിയായി തിരുവിതാം കൂര്‍ സര്‍ക്കാരിനു നല്‍കിയിരുന്ന കാര്‍ത്തികപിള്ളി താലുക്കിലെ കൊച്ചുകുഞ്ഞു ചാന്നാന്മാരെപ്പോലെ ധാരാളം ധനികരും പണ്ഢിതരുമായ പ്രധാനികള്‍ ഈഴവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നിട്ടും അവരുടെ ചരിത്രം തച്ചുടച്ച് ചവിട്ടിത്തേച്ച് നശിപ്പിക്കാന്‍ സവര്‍ണ്ണത ശ്രമിച്ചുകൊണ്ടിരുന്നതിന്റെ കാരണം ചരിത്രപരമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. തടഞ്ഞു നിര്‍ത്താനാകാത്ത ഒരു സാമൂഹ്യ സ്വാതന്ത്ര്യ ബോധമായി ഈഴവരുടെ സ്വാതന്ത്ര്യവാഞ്ഛ മലയാളിയുടെ മൊത്തം സാംസ്ക്കാരിക വളര്‍ച്ചയായി , നവോത്ഥാനമായി വികസിക്കുന്നതാണ് പിന്നെ കണ്ടത്.
കെ.ജി.നാരായണന്റെ ചരിത്ര ഗവേഷണ ഗ്രന്ഥത്തിലെ നവോത്ഥാനം എന്ന 34 അം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.

Tuesday, December 20, 2011

ഹിരണ്യ ഗര്‍ഭം, തുലാപുരുഷദാനം


നമുക്കെല്ലാം അറിയാം, കേരളത്തിലെ നായന്മാര്‍ എന്ന ജാതി വിഭാഗം അത്ര മോശക്കാരൊന്നുമല്ലെന്ന്.പക്ഷേ,പഴയകാലത്തെ ബ്രാഹ്മണര്‍ അത് അംഗീകരിച്ചിരുന്നില്ല. ബ്രാഹ്മണര്‍ക്ക് നായര്‍ വെറും ശൂദ്രരായിരുന്നു. നമ്പൂതിരിമാരുടെ സുഗഭോഗത്തിനായുള്ള വെറും വേലക്കാര്‍ !!! കഴിഞ്ഞ ആയിരം കൊല്ലക്കാലത്തിനിടക്ക് കേരളദേശത്തെ ഭരിച്ചിരുന്നവരില്‍ ഏറെയും നായര്‍ ജാതിക്കാരായിരുന്നു. അതുകൊണ്ടുതന്നെ അധികാരത്തിന്റേയും, ഭരണത്തിന്റേയും, പുരോഗതിയുടേയും ഉപരിവര്‍ഗ്ഗമായി നായര്‍ ജാതിക്കാര്‍ ഇന്നും സമസ്തമേഖലകളിലും പൈതൃകസ്മരണകളയവിറക്കി ഭരണവര്‍ഗ്ഗമായി പരിലസിക്കുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ചുരുങ്ങിയത് ആയിരം വര്‍ഷക്കാലമെങ്കിലും നമ്മുടെ സമൂഹത്തില്‍ നായന്മാരെ ശൂദ്രരെന്ന് വിളിച്ച് ഇകഴ്ത്തുമ്പോള്‍തന്നെ നായന്മാരെ ഉപരിവര്‍ഗ്ഗമാകാന്‍ സമൂഹത്തിന്റെയും നാടിന്റേയും (നമ്മുടെ ദൈവങ്ങളുടേപോലും)ഉടമകളും മേധാശക്തിയുമായിരുന്ന ബ്രാഹ്മണര്‍ അനുവദിച്ചിരുന്നത് എന്നത് സമൂഹം ഒന്നടങ്കം ചിന്തിക്കേണ്ട വസ്തുതയാണ്. ആ ചരിത്ര സന്ദര്‍ഭത്തിലേക്ക് വെളിച്ചം വീശുന്ന ചില തെളിവുകളാണ് തിരുവിതാംകൂറിലെ പത്മനാഭക്ഷേത്രത്തിന്റെ ചില ആചാര വിശ്വാസങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും നമുക്ക് സിദ്ധിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ പണ്ടുകാലത്ത് നടന്നിരുന്ന രണ്ടു രാജകീയ ചടങ്ങുകളായ “ഹിരണ്യഗര്‍ഭ”ത്തെക്കുറിച്ചും “തുലാപുരുഷദാന”ത്തെക്കുറിച്ചും നാം പഠിക്കുമ്പോള്‍ കേരളത്തിന്റെ സാമൂഹ്യ ചരിത്രം തന്നെ തുറന്നുവരുന്നതുകാണാം.

ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഗുണ്ടകളാക്കപ്പെട്ട നായര്‍ രാജാക്കന്മാര്‍

അടിസ്ഥാനപരമായി ഹിന്ദുമതം വര്‍ണ്ണ(ജാതി)വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവരുടെ മതമാണ്. ഹിന്ദുമതവിശ്വാസിക്ക് എല്ലാ മനുഷ്യരേയും തുല്യരായി കാണാന്‍ വിശ്വാസപരമായ തടസ്സങ്ങളുണ്ട്. കാരണം, ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതി സൃഷ്ടിച്ചത് മഹാവിഷ്ണു തന്നെയാണെന്ന് ഭഗവത് ഗീതയില്‍ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശ്രീ കൃഷ്ണന്‍ പ്രഖ്യാപിക്കുന്നുമുണ്ടല്ലോ. ഹിന്ദുമതത്തില്‍ സമൂഹത്തെ ജനനം അടിസ്ഥാനപ്പെടുത്തി ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ നാലായി (ചാതുര്‍വര്‍ണ്ണ്യം) വിഭജിച്ചിരിക്കുന്നു. ഇതില്‍ ബ്രാഹ്മണര്‍ പ്രപഞ്ച സൃഷ്ടാവായ ബ്രഹ്മാവിന്റെ മുഖത്തു നിന്നും ജനിച്ചവരായും, രാജക്കന്മാരുടെ ജാതിയായ ക്ഷത്രിയര്‍ ബ്രഹ്മാവിന്റെ കൈകളില്‍ നിന്നും ജനിച്ചവരും, കച്ചവടക്കാരായ വൈശ്യര്‍ തുടയില്‍ നിന്നും, അടിമകളുടേയും വേലക്കാരുടേയും ജാതിയായ ശൂദ്രര്‍ ബ്രഹ്മാവിന്റെ പാദത്തില്‍ നിന്നും ജനിച്ചവരായും വിശ്വസിക്കുന്നു.

കേരളത്തിലെ മുന്തിയതും താണതുമായ വിവിധ നായര്‍ ജാതിക്കാരെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ഉടമസ്തരായ ബ്രാഹ്മണര്‍ അടിമകളുടെ വര്‍ഗ്ഗമായ ശൂദ്രന്മാരായാണ് സ്ഥാനപ്പെടുത്തിയിട്ടുള്ളത്. അതായത് ബ്രഹ്മാവിന്റെ പാദത്തില്‍ നിന്നും ജനിച്ച ശൂദ്രരെന്ന അടിമവര്‍ഗ്ഗമായാണ് നായര്‍ സവര്‍ണ്ണ ഹിന്ദുമതത്തില്‍ കുടികൊള്ളുന്നത് ! അതുകൊണ്ടുതന്നെ ശൂദ്ര യോനിയില്‍ ജനിച്ച അടിമ വര്‍ഗ്ഗക്കാരായ നായര്‍ക്ക് രാജ്യഭരണം നിഷിദ്ധമാണ്. ശൂദ്രര്‍ രാജഭരണമേല്‍ക്കുന്നത് ബ്രാഹ്മണന്റെ ദൈവീകമായ നിയമങ്ങള്‍ക്കും വിരുദ്ധമാണ്. പക്ഷേ, 1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിന്ദുമതം കേരളത്തില്‍ പ്രചരിച്ചു തുടങ്ങുന്ന കാലത്തും, അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പും കേരളം ഭരിച്ചുവന്ന പുലയ ഗോത്ര രാജാക്കന്മാര്‍ സവര്‍ണ്ണ ഹിന്ദുമതത്തില്‍ ചേര്‍ന്ന് ശൂദ്ര/നായരായി പുനര്‍നാമകരണം ചെയ്യപ്പെടുമ്പോള്‍ അതുവരെ അവര്‍ക്ക് ഉണ്ടായിരുന്ന രാജാധികാരം മറ്റാരെയെങ്കിലും ഏല്‍പ്പിക്കാനാകില്ലല്ലോ. അതുകൊണ്ടുതന്നെ, ബ്രാഹ്മണര്‍ ശൂദ്രവംശശുദ്ധീകരണത്തിനായി ചില വിചിത്രമായ താന്ത്രിക ചടങ്ങുകള്‍ നായര്‍ രാജാക്കന്മാര്‍ അനുഷ്ഠിക്കേണ്ടതുണ്ടെന്ന് നിഷ്ക്കര്‍ഷിച്ചു. അത്യന്തം അശ്ലീലവും സദാചാരവിരുദ്ധവുമായ ചില ചടങ്ങുകള്‍ക്കു പുറമേ ധനംകൊണ്ട് നിവര്‍ത്തിക്കാവുന്ന രണ്ടു ചടങ്ങുകള്‍ നായര്‍ രാജാക്കന്മാര്‍ രാജപദവി ഏറ്റെടുക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. അവയാണ് ഹിരണ്യഗര്‍ഭവും, തുലാപുരുഷദാനവും.


ഹിരണ്യഗര്‍ഭം

തിരുവിതംകൂര്‍ രാജ്യത്തിലെ കിരീടാവകാശികളായ രാജശിശുക്കളെ ഒന്നാം പിറന്നള്‍ ദിനംതന്നെ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ കൊണ്ടുവന്ന് ശ്രീ പത്മനാഭ ദാസനായി(അടിമയായി) അര്‍പ്പിക്കുന്ന “നടതള്ളല്‍” ചടങ്ങിനു വിധേയമാക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രസിദ്ധമായ തൃപ്പടിദാന പ്രഖ്യാപനത്തിനു ശേഷമുണ്ടായ ചടങ്ങാകാം അത്. രാജകുമാരന്‍ വളര്‍ന്ന് അധികാരമേല്‍ക്കേണ്ട സമയമാകുമ്പോള്‍ രണ്ടു ദാനധര്‍മ്മ ചടങ്ങുകളാണ് ഹിരണ്യഗര്‍ഭവും, തുലാപുരുഷ ധാനവും.

നായര്‍ സ്ത്രീയുടെ യോനിയില്‍ നിന്നും പിറന്നതിന്റെ പാപം ഇല്ലാതാക്കുക എന്ന ന്യായത്താലായിരിക്കണം ബ്രാഹ്മണന്റെ ദൈവീക മൃഗമായ പശുവിന്റെ ഗര്‍ഭത്തില്‍ പ്രതീകാത്മകമായി ജനപ്പിക്കുന്ന താന്ത്രികമായ ഒരു വിദ്യയാണ് ഹിരണ്യ ഗര്‍ഭ ചടങ്ങിന് ഉപയോഗപ്പെടുത്തിയിരുന്നത്. പത്തടി ഉയരത്തിലും എട്ടടി വ്യാസത്തിലുമുള്ള കുളം എന്നു വിളിക്കാവുന്ന ഒരു സ്വര്‍ണ്ണ പാത്രമാണ് ഹിരണ്യഗര്‍ഭ ചടങ്ങിനായി നിര്‍മ്മിക്കുക. പശുവില്‍ നിന്നും ലഭിക്കുന്ന പാല്‍,തൈര്,നെയ്യ്,ചാണകം,മൂത്രം എന്നീ അഞ്ച് വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന “പഞ്ചഗവ്യം” എന്ന “കൂട്ടുകറി” ദ്രാവകം ഈ സ്വര്‍ണ്ണ പാത്രത്തില്‍ പാതിവരെ നിറക്കുന്നു.അതിനു ശേഷം രാജഭരണമേല്‍ക്കാന്‍ പോകുന്ന രാജകുമാരന്‍ പുരോഹിതരുടേയും,പണ്ഢതരുടെയും,ക്ഷണിക്കപ്പെട്ട പ്രധാനികളുടേയും സാന്നിദ്ധ്യത്തില്‍ ശ്രീപത്മനാഭന്റെ അനുഗ്രഹം വാങ്ങിയതിനുശേഷം പ്രത്യേകം നിര്‍മ്മിച്ച കോണി ഉപയോഗിച്ച് സ്വര്‍ണ്ണ പാത്രത്തിലെ പഞ്ചഗവ്യത്തിലേക്ക് ഇറങ്ങുന്നു. തുടര്‍ന്ന് സ്വര്‍ണ്ണപാത്രം സ്വര്‍ണ്ണം കൊണ്ടു നിര്‍മ്മിച്ച അടപ്പുകൊണ്ട് സേവകര്‍ അടച്ചു വക്കുന്നതും, ഈ സമയത്ത് ബ്രാഹ്മണര്‍ മന്ത്രങ്ങള്‍ കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമാക്കുകയും, യുവരാജാവ് പഞ്ചഗവ്യത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി അഞ്ചു തവണ മുങ്ങിക്കുളിക്കുകയും ചെയ്യുന്നു. അതിനുശേഷം കോണിയുപയോഗിച്ച് പുറത്തുകടക്കുന്ന “ശൂദ്ര-ക്ഷത്രിയ”നായിത്തീര്‍ന്ന യുവരാജന്‍ ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കല്‍മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെവച്ച് യുവരാജന്‍ ശ്രീ പത്മനാഭനെ നമസ്ക്കരിച്ച് തൊഴുകയ്യുകളോടെ നില്‍ക്കുകയും,ക്ഷേത്ര തന്ത്രി പ്രാര്‍ത്ഥനാപൂര്‍വ്വം,രാജാവിനെ കിരീടധാരണ കര്‍മ്മം നടത്തിക്കുകയും ചെയ്യുന്നു. അതോടുകൂടി അയാള്‍ “കുലശേഖരപെരുമാള്‍” എന്ന സ്ഥാനം വഹിക്കുന്ന മഹാരാജാവായിത്തീരുന്നു. തിരുവിതാം കൂറിലെ രാജാക്കന്മാരുടെ രാജ്യഭരണമേല്‍ക്കുന്ന പ്രാഥമിക ഘട്ടമായ ഹിരണ്യഗര്‍ഭ ചടങ്ങ് പൂര്‍ത്തിയാകാന്‍ പഞ്ചഗവ്യ സ്നാനത്തിനുപയോഗിച്ച സ്വര്‍ണ്ണ പാത്രം ചെറിയ കഷണങ്ങളായി മുറിച്ച് ആയിരക്കണക്കിനുവരുന്ന ബ്രാഹ്മണര്‍ക്ക് (ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നത് ശ്രദ്ധിക്കുക)ദാനം ചെയ്യുക എന്ന ചടങ്ങുകൂടി രാജാവു പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബ്രാഹ്മണര്‍ക്ക് സ്വര്‍ണ്ണ പാത്രത്തിന്റെ കഷണങ്ങള്‍ ദാനം ചെയ്യുന്നതോടെ ഹിരണ്യ ഗര്‍ഭ ചടങ്ങ് അവസാനിച്ചു. പശുവിന്റെ ഗര്‍ഭം ദിവ്യമാണെന്ന സംങ്കല്‍പ്പമാണ്(ശൂദ്ര സ്ത്രീയുടെ ഗര്‍ഭം ഹീനമാണെന്നും !! ) ബ്രാഹ്മണര്‍ ഹിരണ്യഗര്‍ഭം എന്ന പേരിലുള്ള സ്വര്‍ണ്ണകൊള്ള നടത്താന്‍ ഉപയോഗിച്ചിരുന്നത് എന്ന് ഇതില്‍ നിന്നും മനസിലാകുമല്ലോ.

തുലാപുരുഷദാനം

അടുത്തതായി രാജപദവി ഏല്‍ക്കുന്നതിന്റെ രണ്ടാംഘട്ട ചടങ്ങ് ആരംഭിക്കുകയായി. കുലശേഖരപെരുമാള്‍ എന്ന സ്ഥാനം ഉറപ്പിക്കുന്നതിനായി തുലാപുരുഷ ദാനം നടത്തപ്പെട്ടിരുന്നു. ഇതിനായി പല വലിപ്പത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ശ്രീ പത്മനാഭ ക്ഷേത്രത്തിന്റെ തെക്കു കിഴക്കേ മൂലയില്‍ സ്ഥാപിച്ചിട്ടുള്ള കരിംങ്കല്‍ തൂണുകളില്‍ രാജാവിന് ഇരിക്കാനായി ഒരു തുലാസ് തൂക്കിയിടുന്നു. ഒരു തട്ടില്‍ രാജാവും മറുതട്ടില്‍ പലവലിപ്പത്തില്‍ നിര്‍മ്മിക്കപ്പെട്ട സ്വര്‍ണ്ണ നാണയങ്ങളും ഉപയോഗിച്ച് തൂക്കം തുല്യമായി ഒപ്പിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന രാജാവിന്റെ തൂക്കത്തിലുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ സാധാരണ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്ന ചടങ്ങിനെയാണ് തുലാപുരുഷദാനം എന്നു പറയുന്നത്. ബ്രാഹ്മണരുടെ വലിപ്പച്ചെറുപ്പങ്ങള്‍ക്കനുസരിച്ച് ചെറിയ നാണയമോ വലിയ നാണയമോ ദാനം ചെയ്യുന്ന ഏര്‍പ്പാടാണുണ്ടായിരുന്നത്.

ഫലത്തില്‍ ഈ രണ്ടു ചടങ്ങുകളും, രാജാവിനേയും, ഈ ചടങ്ങു നടത്താനായി അവര്‍ണ്ണരായ പ്രജകളെ ഗുണ്ടാപിരിവുപോലുള്ള ക്രൂരനികുതികള്‍കൊണ്ട് ശ്വാസം മുട്ടിച്ചിരുന്ന രാജാവിനേയും അദ്ധ്വാനംകൂടാതെ കൊള്ളയടിക്കാനുള്ള ബ്രാഹ്മണ പുരോഹിതരായ മന്ത്രവാദി സമൂഹത്തിന്റെ കുടിലബുദ്ധിയല്ലാതെ മറ്റൊന്നുമല്ലെന്ന് കാണാം.

Sunday, December 18, 2011

33.കേരളത്തില്‍ അക്ഷര വിപ്ലവം നടത്തിയ പാതിരിമാര്‍

ജാതി മത പരിഗണനകള്‍ക്കതീതമായി ഏതൊരു മലയാളിക്കും കടപ്പാടും ആദരവും ഉണ്ടായിരിക്കേണ്ട മഹത്തുക്കളാണ് കേരളത്തില്‍ മിഷണറി പ്രവര്‍ത്തനം നടത്തിയിരുന്ന ക്രിസ്ത്യന്‍ പാതിരിമാര്‍. പശ്ചാത്യ നാടുകളില്‍ നിന്നും 1806 മുതല്‍ സുവിശേഷ ജോലിക്ക് കേരളത്തിലെത്തിച്ചേര്‍ന്ന ക്രിസ്ത്യന്‍ പാതിരിമാരാണ് മലയാളികളെ മനുഷ്യരാക്കിയതെന്നു പറയാം. ശൂദ്രന്‍(നായര്‍) അക്ഷരം പഠിച്ചാലോ ശ്രവിച്ചാലോ ചെവിയില്‍ തിളപ്പിച്ച ഇയ്യം ഉരുക്കിയൊഴിച്ച് ശിക്ഷിക്കപ്പെടണമെന്ന് ബ്രാഹ്മണരുടെ (മനു സ്മൃതി) നീതിശാസ്ത്രം നിലനില്‍ക്കെയാണ് 1806 മുതല്‍ പത്തുവര്‍ഷത്തോളം കഠിന പ്രയത്നം നടത്തിയ റവ:റിംഗില്‍ടാബ് എന്ന ഡാനിഷ് പാതിരി തെക്കന്‍ തിരുവിതാംകൂറിലെ നാഗര്‍കോവിലിനു സമീപം മൈലാടിയില്‍ സ്ഥലവാസികളായ ചാന്നാര്‍മാരുടേയും നാടാര്‍മാരുടേയും ഉന്നമനത്തിനായി എല്‍.എം.എസ്.മിഷന്റെ ആഭിമുഖ്യത്തില്‍ 1816ല്‍ ഒരു ഇംഗ്ലീഷ് പാഠശാല ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് കോളേജായ സി.എം.എസ്, 1836ല്‍ റവ റോബര്‍റ്റ്സ് ആരംഭിച്ച മിഡില്‍ സ്കൂള്‍(മഹാരാജാസ് കോളേജ്),സവര്‍ണ്ണ പെണ്‍ കുട്ടികള്‍ക്കായി കോട്ടക്കകത്തു സ്ഥാപിച്ച സ്കൂള്‍, ഗവണ്മെന്റുവകയായി പണ്‍കുട്ടികള്‍ക്ക് സ്ഥാപിച്ച സ്കൂള്‍( വിമണ്‍സ് കോളേജ്), 1848ല്‍ ബാസല്‍ മിഷന്‍ കോഴിക്കോട്ടു സ്ഥാപിച്ച സ്കൂള്‍.... തുടങ്ങിയവയാണ് മലയാളിക്ക് ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിച്ചത്. ഈ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അവര്‍ണ്ണരായ ഈഴവര്‍ക്കും മറ്റും പ്രവേശനം നല്‍കിയതിനെതിരെ ശൂദ്രന്മാര്‍ (നായന്മാര്‍) ലഹള ആരംഭിക്കുകയും തുടര്‍ന്ന് അവര്‍ണ്ണര്‍ക്ക് പ്രവേശനം ഇല്ലാതാകുകയും ചെയ്തിരുന്നു എന്നോര്‍ക്കുക. “ബ്രാഹ്മണോ മമദൈവതം” എന്ന ബ്രാമണന്റെ അടിമമന്ത്രം പേറുന്ന ശൂദ്രന്മാര്‍ (നായന്മാര്‍) എന്നും പൊതുസമൂഹത്തെ അധോഗതിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ബ്രാഹ്മണ ഗുണ്ടകളായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് സവര്‍ണ്ണ ഹിന്ദുമതം അവരില്‍ ചെലുത്തിയിട്ടുള്ള സവര്‍ണ്ണ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ഫലമായിരുന്നിരിക്കണം. ശൂദ്രന്മാരുടെ മാടമ്പി മര്‍ക്കടമുഷ്ടിയില്‍ അമര്‍ന്നു കിടന്ന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പൊതുജനം, വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ കൃസ്തുമതമോ ഇസ്ലാം മതമോ സ്വീകരിക്കണമെന്ന അവസ്ഥയിലായിരുന്നു. 1835 നോടടുപ്പിച്ച് ആറ്റിങ്ങല്‍, കൊല്ലം, കായം കുളം, മാവേലിക്കര, ഹരിപ്പാട്, ആലപ്പുഴ... മുതലായ സ്കൂളുകളിലും ഇംഗ്ലീഷ് സ്കൂള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. ഈ സ്കൂളുകളില്‍ ഒന്നില്‍ പോലും ഈഴവരെ പ്രവേസിപ്പിക്കാന്‍ മാമൂല്‍ പ്രിയരായ ശൂദ്രന്മാര്‍ സമ്മതിച്ചിരുന്നില്ല. ഈ സ്കൂള്‍ ആരംഭിച്ച് 140 വര്‍ഷം കഴിയുമ്പോള്‍ പോലും ഈഴവര്‍... തുടങ്ങിയ അവര്‍ണ്ണരെ പ്രവേശിപ്പിച്ചിരുന്നില്ല. 1872ല്‍ ഈഴവര്‍ക്കു വേണ്ടി അഞ്ചുതെങ്ങിനു സമീപം റവ: മെറ്റിയര്‍ ഒരു ഇംഗ്ലീഷ് സ്കൂള്‍ തുറന്നു. വര്‍ക്കല, ചിറയിന്‍ കീഴ്, ആറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഈഴവര്‍ക്ക് ഈ സ്കൂള്‍ ഒരു അനുഗ്രഹമായി.
കൃസ്ത്യന്‍ പാതിരിമാര്‍ തുടങ്ങിവച്ച ഈ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഫലം കണ്ടുതുടങ്ങി. അക്കാലത്ത് സര്‍ക്കാര്‍ ജോലി മുഴുവനായി അടക്കി വാണിരുന്ന പരദേശി ബ്രാഹ്മണ മേധാവിത്വത്തിനെതിരായി കേരളത്തിലെ നമ്പൂതിരിമാര്‍, നായന്മാര്‍, ഈഴവര്‍, കൃസ്ത്യാനികള്‍, മുസ്ലീങ്ങള്‍ എന്നിവര്‍ ഒന്നു ചേര്‍ന്ന് നടത്തിയ ആദ്യത്ത്വ സംഘടിത പ്രക്ഷോപത്തിന്റെ നിവേദനമായ “മലയാളി മെമ്മോറിയല്‍” 1891ല്‍ മഹാരാജാവിനു സമര്‍പ്പിക്കപ്പെട്ടു. മലയാളി മെമ്മോറിയലില്‍ ഈഴവരെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിക്കാത്തതും, സര്‍ക്കാര്‍ ഉദ്ദ്യോഗങ്ങള്‍ നല്‍കാത്തതും അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ദിവാന്‍ രാമരായരു ഇതിനു നല്‍കിയ മറുപടിയില്‍(ഇണ്ടാസ്) ഈഴവര്‍ പഠിക്കാന്‍ താല്‍പ്പര്യമില്ലാതവരും, ഉദ്ദ്യോഗത്തിന്‍ അയോഗ്യരും, ചെത്തിലും കയറു പിരിക്കലിലും തല്‍പ്പരരുമായതിനാല്‍ അവരുടെ പ്രശ്നം പരിഗണനാര്‍ഹമല്ലെന്ന് പറഞ്ഞിരുന്നു. ഈ മറുപടി ഡോ.പല്‍പ്പുവിന്റെ ആത്മാഭിമാനത്തേയും, സമരവീര്യത്തേയും ആളിക്കത്തിച്ചു. ക്രൈസ്തവ പുരോഹിതര്‍ നല്‍കിയ അക്ഷര പ്രകാശത്തില്‍ നിന്നും ശക്തി സംഭരിച്ച് ഡോക്ടര്‍ പല്‍പ്പു നീണ്ട അവധിയെടുത്ത് രാജ്യവ്യാപകമായി പ്രചരണ പ്രക്ഷോപങ്ങള്‍ ഇളക്കിവിട്ടു. അതിന്റെ ഫലം “ഈഴവ മെമ്മോറിയലായി” പുറത്തു വന്നു. 1896 സെപ്റ്റംബര്‍ 3നു 13,176 പേറ് ഒപ്പിട്ട ഈഴവരുടെ സങ്കട ഹര്‍ജ്ജി രാജ സന്നിധിയില്‍ സമര്‍പ്പിച്ച് സ്കൂള്‍ പ്രവേശനം, ഉദ്ദ്യോഗ നിയമനം എന്നീ കാര്യങ്ങളില്‍ മതം മാറുന്നവര്‍ക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ഈഴവര്‍ക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഈഴവ ജാതിക്കാര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്ന് പച്ചക്ക് പറയുകയാണ് ദിവാന്‍ സങ്കര സുബ്ബയ്യര്‍ ഈഴവമെമ്മോരിയല്‍ ഭീമ ഹര്‍ജ്ജിക്കുള്ള മറുപടിയില്‍ ചെയ്തത്. തിരുവിതാം കൂറില്‍ നിന്നും ആദ്യമായി ബി.എ. പാസായ ഒരു ശൂദ്രനെ(നായര്‍) ആര്‍പ്പും വിളിയുമായി സ്വീകരിച്ച് ഉദ്ദ്യോഗം നല്‍കി പ്രോത്സാഹിപ്പിച്ച വിശാഖം തിരുനാള്‍ മഹാരാജാവ് അക്കാലത്തു തന്നെ 1882ല്‍ ഈഴവരില്‍ നിന്നും ആദ്യ ബി.എ. പാസായ പി.വേലായുധനെ ആദ്യമെല്ലാം കാണാന്‍ തന്നെ വിസമ്മതിക്കുകയും, ഒടുവില്‍ കാണാമെന്ന് സമ്മതിച്ച ശേഷം “ഉദ്ദ്യോഗം കിട്ടാന്‍ കൃസ്ത്യാനി ആയിക്കൂടേ” എന്ന് കല്‍പ്പിച്ചു ചോദിക്കുകയും ചെയ്ത കഥ കുപ്രസിദ്ധമാണ്.
ഫലത്തില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കാരണമായ ഇംഗ്ലീഷ് വിദ്യാഭ്യാസം സംഭാവന ചെയ്ത കൃസ്ത്യന്‍ പാതിരിമാര്‍ നടത്തിയ സാമൂഹ്യ മാറ്റം വിപ്ലവകരമാണ്. അവരെ നന്ദിയോടെ സ്മരിക്കാതെ മലയാളി അക്ഷരം പഠിക്കുന്നത് നന്ദികേടാണ്. കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ 33 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. ലിങ്കില്‍ ക്ലിക്കി വായിക്കാം.

Thursday, December 15, 2011

32. ആധുനിക തിരുവിതാംകൂറിന്റെ പിതാവായ കേണല്‍ ജോണ്‍ മണ്ട്രോ

തിരുവിതം കൂര്‍ രാജ്യത്തിലെ ദുര്‍ബലരും, പ്രാകൃതരും, ജാതി ഭ്രാന്തന്മാരുമായിരുന്ന മഹാരാജാക്കന്മാരുടേയും, ക്രിമിനലുകളും, മോഷ്ടാക്കളുമായിരുന്ന ദിവാന്മാരുടേയും ഇരുണ്ട കാലഘട്ടത്തെ പിന്നിലാക്കിക്കൊണ്ട് നാടിനെ പുരോഗതിയിലേക്ക് നയിച്ച ഊര്‍ജ്ജ്യസ്വലനായ ദിവാനായിരുന്നു കേണല്‍ ജോണ്‍ മണ്ട്രോ. ചത്തുപോയ ദിവാന്‍ വേലുത്തമ്പിയുടെ വകയായുള്ള 50000 രൂപ വിലവരുന്ന ആഭരണങ്ങളും സ്വത്തും അപഹരിച്ചതിന്റെ പേരില്‍ ദിവാന്‍ ഉമ്മിണി തമ്പിയെ ദിവാന്‍ പദവിയില്‍ നിന്നും റാണി ലക്ഷ്മി ഭായി പിരിച്ചു വിടുകയും, തിരുവിതാം കൂറിന്റെ ദിവാന്‍ പദവി ഏറ്റെടുക്കണമെന്ന് കേണല്‍ ജോണ്‍ മണ്ട്രോയോട് അപേക്ഷിക്കുകയും ചെയ്തതിന്റെ ഫലമായാണ് ശംബളം പറ്റാത്ത ദിവാനായി 1811 ജൂണ്‍ മാസത്തില്‍ കേണല്‍ ജോണ്‍ മണ്ട്രോ ദിവാന്‍‌ജിയായി ചാര്‍ജ്ജെടുക്കുന്നത്.
തിരുവിതാം കൂര്‍ രാജ്യത്തിന് എന്തെങ്കിലും മാനുഷികമായ ഒരു മുഖം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കേണല്‍ മണ്ട്രോ എന്ന ബ്രിട്ടീഷുകാരനായ ദിവാന്‍‌ജിയുടെ നന്മയില്‍ നിന്നും സംസ്ക്കാരത്തില്‍ നിന്നും സംഭാവനയായി ലഭിച്ചതാണെന്ന സത്യമാണ് കെ.ജി.നാരായണന്‍ ഈ അദ്ധ്യായത്തില്‍ നമ്മൊടു പറയുന്നത്. നികുതിയെന്ന പേരില്‍ സവര്‍ണ്ണരല്ലാത്ത ജനങ്ങളെ കൊള്ളയടിച്ചിരുന്ന തിരുവിതാം കൂറിലെ നികുതി സമ്പ്രദായം നിര്‍ത്തലാക്കിയതും, അടിമത്വവും , അടിമ നികുതിയും ഇല്ലാതാക്കിയതുമായ ഒട്ടേറെ മാനുഷികമായ ഭരണ പരിഷ്ക്കാരങ്ങളാണ് കേണല്‍ മണ്ട്രോ നടപ്പിലാക്കിയത്. 32 ആം അദ്ധ്യായത്തിന്റെ പൂര്‍ണ്ണ രൂപം ഈ ലിങ്കില്‍ ക്ലിക്കി വായിക്കുക.

Tuesday, December 13, 2011

വടക്കന്‍ പാട്ടുകള്‍ - വലിയ ആരോമല്‍ ചേകവര്‍

കേരളത്തിന്റെ സാമൂഹ്യ ചരിത്രം നിഷ്പ്രയാസം കീഴ്‌മേല്‍ മറിക്കാനുള്ള ചരിത്ര സത്യങ്ങളുടെ കലവറയാണ് പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരെക്കുറിച്ചുള്ള വടക്കന്‍ പാട്ടിലൂടെ കാലം സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കളരികളും, കളരി ദൈവങ്ങളും, കളരിയോടനുബന്ധിച്ചുള്ള ചികിത്സകളും, ധാര്‍മ്മിക ബോധവും, കളരികളുടെ നാഥന്മാരായിരുന്ന ചേകവന്മാര്‍(ചോവന്മാര്‍) എന്ന യോദ്ധാക്കളും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സമൂഹത്തില്‍ എങ്ങിനെയായിരുന്നു നിലനിന്നിരുന്നത് എന്നതിന്റെ വ്യക്തമായ ചരിത്ര ശേഷിപ്പാണ് വടക്കന്‍ പാട്ടിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍, വടക്കന്‍ പാട്ടുകളിലെ തിയ്യ/ഈഴവ പ്രാമുഖ്യം കണ്ട് അത് ആ ജാതി സമൂഹത്തിന്റെ പൊങ്ങച്ച കഥയാണെന്ന മുന്‍ വിധിയിലേക്കെത്തി സത്യത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് മലയാളികള്‍ പൊതുവെ പിന്തുടരുക എന്നു തോന്നുന്നു. അത്തരം മുന്‍ വിധിയെ തകര്‍ക്കാനായി ഒരു സത്യം പറയട്ടെ: വടക്കന്‍ പാട്ടുകള്‍ രചിക്കപ്പെട്ടിരിക്കുന്നതും, അതു പാണന്മാരെക്കൊണ്ട് പ്രചരിപ്പിച്ചിരുന്നതും കേരളത്തിലെ ബ്രാഹ്മണ താല്‍പ്പര്യപ്രകാരം സ്ഥാപിതമായ ഭരണ വ്യവസ്ഥിതിയുടെ സവര്‍ണ്ണ കേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. (വാഴുന്നവരുടെ വീട്ടില്‍ നിന്നുള്ള നായന്മാരും, വാഴുന്നോരും ചേകവരുടെ വീടന്വേഷിച്ചുള്ള യാത്രയില്‍ ഇടത്താവളമായി ഒരു വാര്യത്ത് തങ്ങുന്നുണ്ട്. വാര്യര്‍ കഥാപാത്രമായി പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും, ആ വീട്ടിലെ വാര്യര്‍ക്ക് വടക്കന്‍ പാട്ടിന്റെ കര്‍തൃത്വത്തില്‍ പങ്കുണ്ടാകാം.) സവര്‍ണ്ണ(ജാതീയ)സമൂഹത്തിന് തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ തടസ്സമായിരുന്ന കേരളത്തിലെ രണശൂരരായിരുന്ന ചേകവന്മാരെ അങ്കക്കോഴികളെപ്പോലെ പരസ്പ്പരം വെട്ടി ചാകാനുള്ള സാമൂഹ്യ സാഹചര്യം സംജാതമാക്കുക എന്ന ധര്‍മ്മമായിരുന്നു വടക്കന്‍ പാട്ടിന്റെ പ്രചാരത്തിലൂടെ ബ്രാഹ്മണ ഉടമസ്ഥതയിലുള്ള സവര്‍ണ്ണ ഭരണവ്യവസ്ഥ ലക്ഷ്യംവച്ചിരുന്നത്.

ചേകവര്‍ക്കിടയില്‍ കുടുബ വൈരാഗ്യവും, പകയും ആവോളം ആളിക്കത്തിച്ച് നിരവധി കൊലപാതക പരമ്പരകള്‍ സംഘടിപ്പിച്ചതിന്റെ കഥകള്‍ വടക്കന്‍ പാട്ടുകളില്‍ നിന്നു തന്നെ നമുക്കു ലഭിക്കുന്നുണ്ട്. ധര്‍മ്മിഷ്ടരും, ധീരരും, വിദ്യാഭ്യാസമുള്ളവരും, കര്‍ഷകരും, സംബന്നരുമായ ചേകവ കുടുമ്പങ്ങളെ ഇങ്ങനെ കൊന്നൊടുക്കുക എന്ന ലക്ഷ്യം ഏതാണ്ട് നിവര്‍ത്തിച്ചതിനു ശേഷമായിരിക്കണം ശേഷിച്ച പ്രമുഖ ചേകവ കുടുമ്പങ്ങളെ കളരി കുറുപ്പന്മാര്‍, കളരി പണിക്കന്മാര്‍, എന്നിങ്ങനെയുള്ള സവര്‍ണ്ണ സ്ഥാനമാനങ്ങള്‍ നല്‍കി ബ്രാഹ്മണ മേല്‍ക്കോയ്മയുടെ അകത്തളത്തിലേക്ക് സ്വീകരിച്ചിരുത്തിയിരിക്കുക എന്ന് ന്യായമായും വിശ്വസിക്കാവുന്നതാണ്. കാരണം, പാണ്ഡിത്യ പ്രകടനവും, അതിലൂടെയുള്ള മേല്‍ക്കോയ്മ സ്ഥാപനവുമല്ലാതെ സ്വന്തം നിലയില്‍ ആയുധമണിഞ്ഞുള്ള പ്രതിരോധ വ്യവസ്ഥയില്ലാതെ കേരളത്തിലെ ബ്രാഹ്മണ്യം ഏറെക്കാലം വളര്‍ച്ച മുരടിച്ചു നിന്നിട്ടുണ്ട്. ആ ദൌര്‍ബല്യം പരിഹരിക്കാനായി ക്ഷേത്രങ്ങളോടനുബന്ധിച്ച് ധനുര്‍ വിദ്യ(അമ്പും വില്ലും) അഭ്യസിപ്പിക്കുന്ന ശാലകള്‍ ഊള്‍പ്പെടുത്താന്‍ ബ്രാഹ്മണര്‍ ശ്രമിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഈ പരാജയത്തില്‍ നിന്നും ബ്രാഹ്മണ്യം പുറത്തുകടന്നത് അക്കാലത്ത് രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും, ആരാധനാലയങ്ങളുടേയും, സഞ്ചാരികളുടേയും രക്ഷാധികാരി സ്ഥാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരായിരുന്ന ചേകവന്മാരെ നിസാര തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനായി കിഴിക്കണക്കിനു സ്വര്‍ണ്ണ നാണയങ്ങള്‍ അങ്കപ്പണമായി നല്‍കി, പല്ലക്കില്‍ ചുമന്നു കൊണ്ടുപോയി, മറ്റൊരു പ്രബല ചേകവനുമായുള്ള അങ്കത്തിലൂടെയോ ആസൂത്രിതമായ ചതിയിലൂടെയോ കൊല്ലിക്കുന്ന സമ്പ്രദായത്തിലൂടെയാണ്. ചേകവന്റെ രക്തസാക്ഷിത്വം വടക്കന്‍ പാട്ടുകളാക്കി പാണന്മാരെക്കൊണ്ട് നാടു നീളെ പാടി പ്രചരിപ്പിച്ച് ചതിയില്‍ കൊല്ലപ്പെട്ട ചേകവന്റെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളായ ചേകവ കുട്ടികളെക്കൂടി പ്രതികാരം കൊണ്ട് ഉത്തേജിപ്പിച്ച് പരസ്പ്പരം വെട്ടി ചാകാനുള്ള സാഹചര്യമൊരുക്കുന്നതിലും സവര്‍ണ്ണ രാഷ്ട്രീയം തങ്ങളുടെ കുടിലബുദ്ധി വേണ്ടുവോളം ഉപയോഗിച്ചതായി വടക്കന്‍ പാട്ടുകളില്‍ കാണാവുന്നതാണ്.

രാമായണത്തേക്കാളോ, മഹാഭാരതത്തേക്കാളോ ആയിരം മടങ്ങ് പാരായണയോഗ്യമായ ഈ പുസ്തകം മലയാളികളായ ഏവര്‍ക്കും പ്രിയങ്കരമാകേണ്ടതാണ്. കാരണം ഇത് ഏതോ ഒരു രാമന്റേയോ സീതയുടേയോ ഭീമന്റേയോ യുദിഷ്ടിരന്റേയോ കൃഷ്ണന്റേയോ കള്ളക്കഥകള്‍ വായിക്കുന്നതു പോലല്ല. കേരളത്തിന്റെ നശിപ്പിക്കപ്പെട്ട സാമൂഹ്യ ചരിത്രത്തിലേക്കുള്ള വിശാല പാതയാണ് വടക്കന്‍ പാട്ടുകളിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്.

സവര്‍ണ്ണ ചരിത്രകാരന്മാരുടേയും, സാഹിത്യ ഗവേഷകരുടേയും ജന്മസിദ്ധമായ സവര്‍ണ്ണ രഷ്ട്രീയ ബോധം നിമിത്തം വടക്കന്‍ പാട്ടുകള്‍ കേവലം തച്ചോളി “പൈങ്കിളി” പാട്ടുകളായി സംരക്ഷിക്കപ്പെടുകയും, വടക്കന്‍ പാട്ടിലെ ധീരോദാത്തമായ ചരിത്ര രേഖയായ പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരുടെ ഭാഗം മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുകയ്യും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ ഫലമായി, ആ പാട്ടുകള്‍ വീണ്ടെടുക്കാന്‍ സൈബര്‍ മീഡിയയില്‍ ഒരു അഭ്യര്‍ത്ഥന നടത്തുകയും, അതിനെത്തുടര്‍ന്ന് ഓര്‍ക്കുട്ടിലെ വിഷ്ണു ചേകവര്‍ തന്റെ ബന്ധുവിന്റെ കൈവശമുള്ള വടക്കന്‍ പാട്ടുകളുടെ വളരെ പഴയൊരു കോപ്പിയുടെ പി.ഡി.എഫ്. സംഘടിപ്പിച്ച് തന്നിരിക്കയാണ്. അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ആരോമല്‍ ചേകവരുടെ പുത്തരി അങ്കത്തിന്റെ ഒരു ഭാഗം ഇവിടെ സൂക്ഷിക്കുകയാണ്.

Saturday, November 26, 2011

30. കേരളത്തിലെ അടിമകള്‍

കേരളത്തില്‍ അടുത്തകാലം വരെ നിലനിന്നിരുന്ന അടിമത്വത്തെക്കുറിച്ച് അറിവു നല്‍കുന്ന കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ കേരളത്തിലെ അടിമകള്‍ എന്ന 30ആം അദ്ധ്യായത്തിലെ പേജുകള്‍ ഇവിടെ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. (ലിങ്കില്‍ ക്ലിക്കുക)

Wednesday, November 23, 2011

27. അയിത്തം

കേരളത്തിന് ഭ്രാന്താലയമെന്ന കുപ്രസിദ്ധി ലഭിക്കുന്നതിനു കാരണമായ അയിത്തം എന്ന ക്രൂരമായ ജാതീയമായ അനാചാരത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ നല്‍കുന്ന കെ.ജി.നാരായണന്റെ ചരിത്ര ഗവേഷണ ഗ്രന്ഥത്തിലെ 27 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചുവച്ചിരിക്കുന്നു.

Monday, November 21, 2011

ഈഴവ ചരിത്രം(സദാനന്ദന്‍ വൈദ്യര്‍)

സവര്‍ണ്ണ ഹിന്ദുമതം നമ്മുടെ സമൂഹത്തിന്റെ ചരിത്രം നിശ്ശേഷം നശിപ്പിക്കുന്നത് അപൂര്‍വ്വം ചിലരെങ്കിലും ശ്രദ്ധിക്കുകയും,ഇങ്ങനെ നശിപ്പിക്കപ്പെട്ട സത്യങ്ങള്‍ തങ്ങളാലാകുംവിധം ഓര്‍മ്മിച്ചെടുത്ത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നതിന്റെ തെളിവാണ് കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം.
ബുദ്ധമതത്തിനെതിരെ മന്ത്രവാദികളായ ബ്രാഹ്മണ പൌരോഹിത്യവും, അവരുടെ വളര്‍ത്തുനായ്‌ക്കളായിരുന്ന ശൂദ്രരെന്ന അടിമഗുണ്ടകളും രണ്ടായിരത്തോളം വര്‍ഷമായി നടത്തിവരുന്ന സാംസ്ക്കാരികഉന്മൂലന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനസമൂഹത്തിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.കാരണം, നന്മയും ധര്‍മ്മവുമെന്ന് പൊതുജനം വിശ്വസിച്ചിരുന്ന സാംസ്ക്കാരിക മൂല്യബോധങ്ങളിലാണ് മന്ത്രവാദികളായ ബ്രാഹ്മണര്‍ തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വിഷം തിരുകിക്കേറ്റിവച്ചിരിക്കുന്നത്. കള്ളക്കഥകള്‍ കൊണ്ട് നന്മയെ തിന്മയായി അവതരിപ്പിക്കാനും, ജനങ്ങളെക്കൊണ്ട് നന്മക്കെതിരെ പോരാടിപ്പിക്കാനും, നന്മയുടെ നാശത്തെ ഓണമായും, വിജയദശമിയായും, ദീപാവലിയായും,കൊടുങ്ങല്ലൂര്‍ ഭരണിയും... ജനങ്ങളെക്കൊണ്ട് ആഘോഷിപ്പിക്കാനും മനസാക്ഷിക്കുത്തില്ലാതെ വര്‍ഗ്ഗീയവിഷം ചേര്‍ത്ത കള്ളക്കഥകളും, പുരാണങ്ങാളും, ഐതിഹ്യങ്ങളും, സ്വര്‍ണ്ണപ്രശ്നങ്ങളും, ആചാര വിശ്വാസങ്ങളും നിര്‍മ്മിക്കാനും ബ്രാഹ്മണ മന്ത്രവാദികള്‍ നമ്മുടെ ചരിത്രത്തിലുടനീളം ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, തിന്മയുടെ ആകെത്തുകയായ ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദുമതത്തെ പ്രതിരോധിച്ചിരുന്ന പൊതുസമൂഹത്തിലെ അറിവുള്ളവരെയും അവരുടെ സാംസ്ക്കാരിക അവശേഷിപ്പുകളേയും ചിന്തകളേയും നശിപ്പിക്കാന്‍ സവര്‍ണ്ണത എന്നും ജാഗ്രത പുലര്‍ത്തുന്നത് കാണാവുന്നതാണ്.സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ ജാതിവിഷം ജാതി വിഷമായി തിരിച്ചറിയാനും, മാനവികമായ സമത്വബോധം സാര്‍വ്വത്രികമാകുന്നതിനും ചരിത്രത്തിലെ തമസ്ക്കരിക്കപ്പെട്ട സത്യങ്ങളെക്കുറിച്ച് അറിവുനേടാതെ കഴിയില്ല.
കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം സവര്‍ണ്ണത തമസ്ക്കരിച്ച നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രകാശധാരയാണ്. ആ പുസ്തകത്തിന്റെ പൂര്‍ണ്ണരൂപം താഴെ ചേര്‍ക്കുന്നു.2000 ഏപ്രില്‍ 14നാണ് സദാശിവന്‍ വൈദ്യര്‍ അന്തരിക്കുന്നത്. 2000 ഡിസമ്പറില്‍ അദ്ദേഹത്തിന്റെ മരുമകന്‍ പ്രഫസര്‍ വി.രമണനാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. ഈ അഭിമാനകരമായ പുസ്തകത്തിന്റെ രചയിതാവിന്റെ പുതിയ തലമുറയെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. കൂടുതല്‍ അറിയുന്നവര്‍ വിവരങ്ങള്‍ കമന്റായി ഷെയര്‍ ചെയ്യുക. ഈ പുസ്തകത്തിന്റെ ചരിത്ര-സാംസ്ക്കാരിക പ്രാധാന്യം മനസ്സിലാക്കി പുസ്തകത്തിന്റെ പി.ഡി.എഫ്. നല്‍കി സഹായിച്ച ഓര്‍ക്കുട്ടിലെ ‘ചേകവരോട്’ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

Ezhava History

Wednesday, October 12, 2011

23. മഹായാന താന്ത്രികവിദ്യ, അഥവ ഹിന്ദുമതത്തിന്റെ ശൈശവ ദശ

ഭാരതത്തിലെ ബുദ്ധമതത്തെ നശിപ്പിച്ച് ബ്രാഹ്മണ പൌരോഹിത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബുദ്ധമത സര്‍വ്വകലാശാലകളില്‍ നുഴഞ്ഞുകയറി ബുദ്ധമതത്തിന് വിഗ്രഹാരാധനയുടേയും, സുഖലോലുപതയേറിയതും, ലൈഗീക പ്രാധാന്യമുള്ളതുമായ ആരാധന രീതിയും മോക്ഷമാര്‍ഗ്ഗങ്ങളും നടപ്പാക്കിയ ബ്രാഹ്മണ ഗൂഢാലോചനയിലേക്ക് വെളിച്ചംവീശുന്ന കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ മഹായാന താന്ത്രികവിദ്യ എന്ന 23 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.

22. മാമാങ്കം-ബുദ്ധമത ഉത്സവം

മാമാങ്കം ബുദ്ധമത ഉത്സവമാണെന്നതിനു തെളിവു നല്‍കുന്ന കെ.ജി.നാരായണന്റെ ചരിത്രപുസ്തകത്തിലെ 22 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.

Monday, July 25, 2011

ശ്രീമൂലവാസം, ധര്‍മ്മടം അണ്ടല്ലൂര്‍ കാവ് ?

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച “കോലത്തു പഴമ” എന്ന എം.പി.കുമാരന്റെ ചരിത്ര ഗവേഷണ കൃതിയുടെ ഒരു അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത കോപ്പികള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു(ഞെക്കുക) . ആധികാരികവും, പുതിയ അറിവുകള്‍ നല്‍കുന്നതുമായ ഈ പുസ്തകം സത്യം അന്വേഷിക്കുന്ന ചരിത്ര പഠിതാക്കള്‍ക്ക് ഒരു വഴികാട്ടിയായിരിക്കും.മൂഷിക രാജാക്കന്മാരെ സവര്‍ണ്ണവല്‍ക്കരിക്കുന്നതിനും (ശൂദ്രരാക്കുന്നതിന്), അവരുടെ ബൌദ്ധ പാരമ്പര്യചരിത്രം തമസ്ക്കരിക്കുന്നതിനുമായി നിര്‍മ്മിക്കപ്പെട്ട മൂഷിക വംശം എന്ന കൃതിയെക്കുറിച്ചും, ധാരാളം ശിലാരേഖകളെക്കുറിച്ചും ഈ പുസ്തകം അറിവു നല്‍കുന്നു. നാഷണല്‍ ബൂക് സ്റ്റാളാണ് വിതരണക്കാര്‍. വില 50 രൂപ. 152 പേജ്. പുസ്തകം നേരിട്ട് പോസ്റ്റലായി ലഭിക്കാന്‍ കേരള സാഹിത്യ അക്കാദമി തൃശൂര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ : 0487-2331069.

Monday, March 21, 2011

20-ബുദ്ധമതത്തിന്റെ സംഭാവനകള്‍

1986ലെ കേരള ഹിസ്റ്ററി അസോസിയേഷന്റെ അവാര്‍ഡു നേടിയ പുസ്തകമായ കെ.ജി.നാരായണന്റെ
ഈഴവ-തിയ്യ ചരിത്ര പഠനം എന്ന ഗ്രന്ഥത്തിലെ 20ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ബുദ്ധമതത്തിന്റെ സംഭാവനകള്‍ എന്ന അദ്ധ്യായത്തിലെ പേജുകള്‍ തുറന്നുവരും.

Saturday, March 19, 2011

ബുദ്ധമതം കേരളത്തില്‍

ബ്രാഹ്മണരുടെ അധാര്‍മ്മിക ഹൈന്ദവ സവര്‍ണ്ണമതം കേരളത്തില്‍ പ്രചാരത്തിലാകുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കേരളത്തിലെ എല്ലാ ജനങ്ങളുടെയും മതവും ധാര്‍മ്മികതയുടെയും, വിദ്യാഭ്യാസത്തിന്റേയും, സാംസ്ക്കാരികതയുടേയും ആധാരവുമായിരുന്ന ബുദ്ധമതത്തിന്റെ സ്വാധീനത്തിനുള്ള തെളിവുകള്‍ ആധികാരികമായി വെളിപ്പെടുത്തുന്ന കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ 19ആം അദ്ധ്യായം (ബുദ്ധമതം കേരളത്തില്‍)ഇവിടെ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ പേജുകള്‍ തുറന്നു വരും.

Friday, March 18, 2011

സിംഹളവും കേരളവും

സിംഹളം അഥവ ശ്രീലങ്കയുമായുള്ള കേരളത്തിന്റെ ചരിത്രപരമായ ബന്ധവും, ഇവിടത്തെ ബുദ്ധമത സ്വാധീനവും വ്യക്തമാക്കുന്ന കെ.ജി.നാരായണന്റെ ചരിത്ര ഗ്രന്ഥത്തിലെ 18 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു.
ഇവിടെ ക്ലിക്കി വായിക്കാം.

Sunday, February 27, 2011

ശ്രീ അയ്യപ്പന്‍ ചതിയില്‍ കൊല്ലപ്പെട്ട ഈഴവന്‍

ശബരിമലയില്‍ ആരാധിക്കപ്പെടുന്ന ശ്രീ.അയ്യപ്പന്‍ ഹിന്ദുവോ പന്തളം രാജ കുടുംബാംഗമോ ആയിരുന്നില്ലെന്ന ചരിത്ര വസ്തുതയുമായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ശ്രീ. കെ.ചന്ദ്രഹരി ഒരു ലേഖനമെഴുതിയിരിക്കുന്നു. കേവലം ഇരുനൂറോ മുന്നൂറോ വര്‍ഷത്തെ പഴക്കം മാത്രമുള്ള ചരിത്രപുരുഷനായ ചിരപ്പന്‍ ചിറ ഈഴവതറവാട്ടിലെ കളരി അഭ്യാസിയായ അയ്യപ്പനേയും അദ്ദേഹത്തിന്റെ മുറപ്പെണ്ണായിരുന്ന ലളിതയും, അയ്യപ്പന്റെ ഉറ്റ സുഹൃത്തുക്കളായിരുന്ന വാവരെന്ന മുസ്ലീമിനേയും, വെളുത്തയെന്ന കൃസ്ത്യാനിയേയും ഉള്‍ക്കൊള്ളുന്ന ചരിത്രം തമസ്ക്കരിക്കുന്നതിന്റെ ഭാഗമായി ബ്രാഹ്മണരും,പന്തളം രാജകുടുംബവും ഉപചാപങ്ങളിലൂടെ പടച്ചുണ്ടാക്കിയ കള്ളക്കഥകളാണ് ശബരിമല ശാസ്താവിനെക്കുറിച്ച് ഇന്നു പ്രചരിച്ചിട്ടുള്ള പുലിപ്പാലുകഥയുമായുള്ള വിശ്വാസങ്ങള്‍. പന്തളം രാജ വംശത്തിന്റെ ചരിത്രത്തിലൊന്നും പരാമര്‍ശിക്കപ്പെടാത്ത അയ്യപ്പനെ രാജാവെന്ന വല വീശിയെറിഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് വരവു വക്കാന്‍ ശ്രമിച്ച രാജാവിന്റേയും, അതിനായി ഐതിഹ്യങ്ങളും, പുരാണങ്ങളും, താന്ത്രിക ചടങ്ങുകളും നിര്‍മ്മിച്ച ബ്രാഹ്മണ കുടില ബുദ്ധിയേയും തിരിച്ചറിയാന്‍ സഹായിക്കുന്നു ചന്ദ്രഹരിയുടെ ലേഖനം.

കേരളം നാട്ടുകൂട്ടങ്ങള്‍ പോലുള്ള ആയിരക്കണക്കിന് തറവാടുകളുടെ ഭരണത്തിനു കീഴിലായിരുന്ന കാലത്ത് ആദിവാസി മൂപ്പനെന്ന അവകാശവും, അധികാരവും മാത്രമേ നമ്മുടെ വീരശൂര പരാക്രമികളുടെ പിന്മുറക്കാരെന്നു പറയപ്പെടുന്ന രാജാക്കന്മാര്‍ക്കുണ്ടായിരുന്നുള്ളു. കളരികള്‍ക്ക് ഉടയവരായിരുന്ന ഈഴവ തറവാട്ട് കാരണവര്‍ക്കുമുന്നില്‍ സങ്കടമവതരിപ്പിച്ച് സംരക്ഷണം നേടാനെ അന്ന് രാജാക്കന്മാര്‍ക്ക് കഴിയുമായിരുന്നുള്ളു. അങ്ങനെ ചിരപ്പന്‍ ചിറ ഈഴവ തറവാടിന്റെ സംരക്ഷണയില്‍ കഴിഞ്ഞുകൂടേണ്ടിവന്ന ഒരു പാണ്ഡ്യപാരംബര്യമുള്ള സാധാ കാട്ടു രാജാവായിരുന്നു പന്തളത്തുമുണ്ടായിരുന്നത്. കരിമലയിലെ ഉദയനന്‍ എന്നൊരു കൊള്ളക്കാരനെ ഒതുക്കാന്‍ ചീരപ്പന്‍ ചിറ കളരിയിലെ അയ്യപ്പന്‍ പുറപ്പെടുന്നത് പന്തളം രാജാവിന്റെ അപേക്ഷ മാനിച്ചാണ്. കൂടെ സഹായിയായി പന്തളം രാജാവിന്റെ പടനായകനായ കടുത്ത എന്ന നായരുമുണ്ടായിരുന്നു ! സത്യത്തില്‍ ചീരപ്പന്‍ ചിറ ഈഴവ തറവാട്ടിനെയും ഈഴവ യോദ്ധാവായിരുന്ന അയ്യപ്പനേയും ഉന്മൂലനം ചെയ്യാനുള്ള ഒരു ബ്രാഹ്മണ ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ലേ ഉദയന്‍ എന്ന കൊള്ളക്കാരനുമായുള്ള രണ്ടാം പടപുറപ്പാട് എന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു.
കരിമലയിലെ ഉദയനുമായി ഒത്തുകൊണ്ട് പന്തളം രാജാവും ബ്രാഹ്മണരും അയ്യപ്പനുവേണ്ടി ഒരു കെണി ഒരുക്കിയതാകാനാണ് സാധ്യത. യുദ്ധം ജയിച്ചെങ്കിലും, ഈ കള്ളയുദ്ധത്തില്‍ അയ്യപ്പനും, അയ്യപ്പന്റെ ആത്മ സുഹൃത്തായ വാവരും(വാവരു സ്വാമി), അയ്യപ്പന്റെ മുറപ്പെണ്ണായ ലളിതയും(മാളികപ്പുറത്തമ്മ), സഹായിയായ കടുത്തയെന്ന പന്തളത്തെ നായര്‍ സൈന്യാധിപനും കൊല്ലപ്പെടുകയാണ് ചെയ്തത്. അതിന്റെ പ്രായശ്ചിത്തമായാകണം ഇവരെയെല്ലാം വീരന്മാരായി കണക്കാക്കി ആരാധിക്കപ്പെടുന്നത്. കേരളത്തിലെ അഭ്യാസികളായ ഈഴവരെ കൊന്നൊടുക്കുന്നതിനായി(ഈഴവര്‍ നശിപ്പിക്കപ്പെടേണ്ടവര്‍(പഴഞ്ചൊല്ല്)
) ബ്രാഹ്മണരും നാട്ടു രാജാക്കന്മാരും നടപ്പാക്കിയിരുന്ന ഗൂഢപദ്ധതിയുടെ ഭാഗമായുള്ള ഒരു യുദ്ധം തന്നെയായിരിക്കണം ശബരിമലയിലും നടന്നിരിക്കുക. മലബാറിലെ തിയ്യരായ കളരി അഭ്യാസികളെ ബ്രാഹ്മണരുടെ ഹൈന്ദവ വര്‍ണ്ണവ്യവസ്ഥ അംഗീകരിക്കാത്തതിന്റെ പേരില്‍ (പുത്തൂരാം വീട്ടിലെ അരോമല്‍ ചേകവര്‍,അരിങ്ങോടര്...‍) കൊന്നൊടുക്കാന്‍ കുടുംബ പക ഊതിക്കത്തിക്കുന്നതിനായി പാട്ടുപാടി നടക്കുന്ന പാണന്മാരെ നാടുവാഴികള്‍ ഏര്‍പ്പാടാക്കിയിരുന്നല്ലോ. അതുപോലൊരു ഗൂഢാലോചന അയ്യപ്പനെ കൊന്ന് വീരനാക്കുന്നതിലും ബ്രാഹ്മണ്യവും, പന്തളം രാജകുടുംബവും പ്രാവര്‍ത്തികമാക്കിയിരിക്കണം.
മാതൃഭൂമി വീക്കിലിയില്‍(27.2.2011) പ്രസിദ്ധീകരിച്ച ശ്രീ.കെ.ചന്ദ്രഹരിയുടെ ലേഖനം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിച്ചിരിക്കുന്നു(അയ്യപ്പനെ ബ്രാഹ്മണവല്‍ക്കരിക്കാമോ?).

അവര്‍ണ്ണ ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈഴവ ജാതിയില്‍ പെട്ട ചീരപ്പന്‍ ചിറ തറവാട്ടു കാരണവര്‍ക്ക് ശബരിമല ക്ഷേത്രത്തിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലും പ്രത്യേക അവകാശങ്ങള്‍ ശാസനപ്രകാരം തന്നെ ഉണ്ടായിരുന്നു ! ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാം പടിക്ക് ഇരുവശത്തും, മാളികപ്പുറത്തും പൊന്‍‌ചുരിക,പൊന്‍പാള,പൊന്‍ മോതിരം, കാപ്പ്,വീരാളിപ്പട്ട് ഇവയണിഞ്ഞ് വെടിവഴിപാട് നടത്താനുമുള്ള അവകാശം അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന ചീരപ്പന്‍ ചിറ തറവാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു എന്നത് ശബരിമല ക്ഷേത്രം ഈഴവ കുടുംബ വകയായിരുന്നു എന്നതിന്റെ തെളിവുകൂടിയാകുന്നു.

Tuesday, January 25, 2011

മലയാളത്തിന്റെ ചരിത്രം


അവസാനം നാം മലയാളത്തിന്റെ ചരിത്രം അന്വേഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2300 വര്‍ഷത്തെ പഴക്കമുള്ള രേഖകള്‍ വരെ ലഭിച്ചു തുടങ്ങിയിരിക്കുന്നു. ദേശാഭിമാനിയില്‍ മലയാളത്തിന് ക്ലാസിക് ഭാഷാപദവിക്ക് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന ചില തെളിവുകളെക്കുറിച്ച് ഒരു ലേഖനം.

മുച്ചിലോട്ട് തെയ്യം ബ്രാഹ്മണ കന്യകയല്ല


മലബാറിലെ തെയ്യങ്ങളില്‍ മനോഹരിയാണ് വാണിയ സമുദായത്തിന്റെ(ചക്കാല നായര്‍/എണ്ണയാട്ടുന്നവര്‍)കുലദേവതയായ മുച്ചിലോട്ട് തെയ്യം.അവര്‍ണ്ണതയില്‍ നിന്നും പുറപ്പെടുകയും ചെയ്തു, ഹൈന്ദവ സവര്‍ണ്ണതയില്‍ എത്തിയതുമില്ല എന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഒരു സമുദായമാണ് വാണിയരുടേത്.ഉത്തരകേരളത്തിലെ ഏതാനും മുച്ചിലോട്ടു കാവുകളില്‍ മാത്രമാണ് മുച്ചിലോട്ടു തെയ്യം കെട്ടിയാടുന്നത്. മുച്ചിലോട്ടു തെയ്യത്തെ അടുത്തകാലത്തായി സവര്‍ണ്ണവല്‍ക്കരിച്ച് മുച്ചിലോട്ട് ഭഗവതി എന്നും വിളിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി മുച്ചിലോട്ടുഭഗവതി ഒരു ബ്രാഹ്മണ കന്യകയായിരുന്നു എന്ന ഐതിഹ്യം പടച്ചുണ്ടാക്കി ഇവിടങ്ങളില്‍ ജനകീയമായിത്തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്. കാലാന്തരത്തില്‍ ജനസമ്മതി നേടിയ ഈ കഥയെ പ്രാചീനമായ താളിയോലകളിലെ തെളിവുകളെ ആസ്പദമാക്കി തള്ളിക്കളയുകയാണ് ഗോവിന്ദന്‍ കോമരമെന്ന ഫോക്‌ലോര്‍ പണ്ഡിതന്‍. ഇന്നത്തെ (25.1.11)മാതൃഭൂമിയില്‍ സതീശന്‍ കടന്നപ്പള്ളിയുടെ ലേഖനം ഇതോടൊപ്പം ചേര്‍ക്കുന്നു.