Monday, February 25, 2008

മാമാങ്കം ബുദ്ധ ഉത്സവം

ബുദ്ധമത ഉത്സവമായിരുന്ന മാമാങ്കം ഹൈന്ദവവല്‍ക്കരിച്ചതിനെക്കുറിച്ച് അറിവുകള്‍ നല്‍കുന്ന കെ.ജി.നാരായണന്റെ പുസ്തകത്തിലെ 22 ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകളുടെ ലിങ്കുകള്‍ ഇവിടെ നല്‍കുന്നു.
പേജ് -1
പേജ്-2
പേജ്-3
പേജ്-4

Friday, February 15, 2008

ഉണ്ണിയാര്‍ച്ച സവര്‍ണ്ണ സ്ത്രീയല്ല

കെ.ജി.നാരായണന്റെ ഈഴവ ചരിത്ര പഠന പുസ്തകത്തിലെ ആറാമത്തെ അദ്ധ്യായമായ ചേകവ പ്രശസ്തിയുടെ 13 പേജുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു. ഓരോ ലിങ്കിലും ഞെക്കിയാല്‍ വായിക്കാനാകുന്നവിധം പേജുകള്‍ തുറന്നുവരും.
പേജ്- 1
പേജ്- 2
പേജ്- 3
പേജ്- 4
പേജ്- 5
പേജ്- 6
പേജ്- 7
സത്യത്തിന്റെ ശവപ്പറംബില്‍ ഈ പേജുകളെല്ലാം ഒന്നിച്ചു കാണം.

ഉണ്ണിയാര്‍ച്ച സവര്‍ണ്ണ സ്ത്രീയല്ല

ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായുള്ള കേരളത്തിലെ ആധുനിക സാഹിത്യകാരന്മാരുടേയും സിനിമ പ്രവര്‍ത്തകരുടേയും വിവരക്കേടിന്റെ ഭാഗമായി ഉണ്ണിയാര്‍ച്ച ഒരു നായര്‍ സ്ത്രീയാണെന്ന ധാരണയാണ് ഇന്നു ചില മലയാളികള്‍ക്കെങ്കിലുമുള്ളത്. നല്ലതെല്ലം നായരും ബ്രാഹ്മണജന്യവുമാണെന്ന ധാരണ പ്രചരിപ്പിക്കുന്ന ബ്രാഹ്മണ്യസാംസ്കാരിക അടിയൊഴുക്ക് കാരണമാണ് ഈ തെറ്റിദ്ധാരണ. കേരള ചരിത്രത്തില്‍ ഉണ്ണിയാര്‍ച്ചയോളം മികച്ചതും,അഭിമാനകരവുമായ ഒരു മാതൃകാവനിതയെ കാണാനാകില്ല. ഉത്തര കേരളത്തിലെ തിയ്യ ചേകവസ്ത്രീയായ ഉണ്ണിയാര്‍ച്ചയുടെ ധീര കഥകള്‍ പഴയകാലത്ത് കേരളത്തിലെ എല്ലാ ജാതിയില്‍ പെട്ട സ്ത്രീകളും (സവര്‍ണ്ണ-അവര്‍ണ്ണ)പാടിനടന്നിരുന്നത് ആവേശത്തോടെയും,അഭിമാനത്തോടെയുമായിരുന്നു. 16 ആം നൂറ്റാണ്ടില്‍ എഴുതപ്പെട്ടെന്നു കരുതുന്ന വടക്കന്‍ പാട്ടുകളിലൂടെ മലയാളിക്കു സുപരിചിതരായ ആരോമല്‍ ചേകവരും,അവരുടെ സഹോദരി ഉണ്ണിയാര്‍ച്ചയും, ആര്‍ച്ചയുടെ ഭര്‍ത്താവ് കുഞ്ഞിരാമനും, ആരോമലിനെ ചതിക്കാന്‍ കൂട്ടുനിന്ന ചന്തുവും ഈഴവരാണെങ്കിലും, കേരളത്തിലെ പ്രമുഖ നായര്‍ പുരാണ-സാഹിത്യ രചയിതാവായ എം.ടി. വാസുദേവന്‍ നായര്‍ തന്റെ വടക്കന്‍ വീര ഗാഥകള്‍ എന്ന സിനിമയിലൂടെ ഉണ്ണിയാര്‍ച്ചയെ കേവലം ഒരു നായര്‍ സ്ത്രീയുടെ നിലവാരത്തിലേക്ക് ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നതുകാണാം. (നൂറ്റാണ്ടുകളായി ബ്രാഹ്മണ്യത്തിന്റെ ചോറുണ്ട് ശീലിച്ചതിനാല്‍ നായരുടെ വാലിന്റെ വളവ് ഇന്നും പഴയതുപോലെ തന്നെ തുടരുന്നു എന്ന് സാരം)

കേരളത്തിലെ സ്ത്രീകളെ വീടുകളില്‍ നിന്നും പിടികൂടി ബാഗ്ദാദുപോലുള്ള വിദേശ പട്ടണണങ്ങളിലേക്ക് അടിമയായി കപ്പലില്‍കയറ്റി കൊണ്ടുപോയിരുന്ന കാലത്താണ് ഉണ്ണിയാര്‍ച്ച ആയുധാഭ്യാസിയായി സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചത് എന്ന് ഓര്‍ക്കണം.

Monday, February 11, 2008

ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ ഈഴവര്‍

ഈഴവ തിയ്യ വിഭാഗത്തിന്റെ സാന്നിദ്ധ്യത്തെ വിവിധ ചരിത്രകാരന്മാര്‍ എങ്ങിനെ വിലയിരുത്തുന്നു എന്നത് ധാരാളം ഉദ്ധരണീകളിലൂടെ കെ.ജി.നാരായണന്‍ നാലാം അദ്ധ്യായത്തില്‍ വ്യക്തമാക്കുന്നു. ആദ്യത്തെ പേജു മാത്രമേ ഇവിടെ കൊടുക്കുന്നുള്ളു ബാക്കി ഏഴു ഷീറ്റുകള്‍ വായിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Wednesday, February 6, 2008

കേരളത്തിലെ നംബൂതിരി ബ്രാഹ്മണര്‍



അശോക ചക്രവര്‍ത്തിയുടെകാലത്ത് ബുദ്ധമത പ്രചരണത്തിനായി നിയോഗിക്കപ്പെട്ട ധര്‍മ്മ മഹാമാത്രന്മാര്‍ എന്ന നംബുധീരന്മാര്‍ തന്നെയാണ് ബുദ്ധമതവിശ്വാസം കുറ്റകരമായി തീര്‍ന്നതിനെത്തുടര്‍ന്ന് ഹിന്ദുമത പുരോഹിതരായി പൂണൂല്‍ ധരിച്ച് നംബൂതിരി ബ്രാഹ്മണരായിത്തീര്‍ന്നത് എന്നു വിശദമാക്കുന്ന കുറെ തെളിവുകള്‍ കെ.ജി.നാരായണന്റെ ഈഴവ ചരിത്ര പഠനം എന്ന പുസ്തകത്തിലെ 24ആം അദ്ധ്യായത്തില്‍ കൊടുത്തിരിക്കുന്നു. 21 പേജുവരുന്ന ആ പൊസ്റ്റ് ഇവിടെ അഭംഗിയാകുമെന്നതിനാല്‍ മൊറ്റൊരിടത്ത് പൊസ്റ്റി ഇവിടെ ലിങ്ക് നല്‍കുന്നു. നംബുക്കളും നംബൂതിരിമാരും എന്ന ആ അദ്ധ്യായം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, February 4, 2008

ഈഴവരെക്കുറിച്ചുള്ള ഒരു ഗ്രന്ഥം




കേരളത്തില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സവര്‍ണ്ണ സാംസ്കാരിക അധിനിവേശത്തെത്തുടര്‍ന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഭൂരിപക്ഷ ജനതയായ ഈഴവരെക്കുറിച്ച് ആധികാരികമായ ചരിത്രരേഖകളുടെ പിന്തുണയോടെ പ്രതിപാദിക്കുന്ന നല്ലൊരു പുസ്തകം ലഭിച്ചിരിക്കുന്നു. 1986ല്‍ ആകെ ആയിരം കോപ്പി മാത്രം അച്ചടിച്ച ആ ഗ്രന്ഥത്തിലെ വിലപ്പെട്ട വിവരങ്ങള്‍ ബ്രഹ്മണ്യം പ്രചരിപ്പിക്കുന്ന ജനപ്രിയമായ കള്ളക്കഥകളെ നിര്‍വീര്യമാക്കാന്‍ ശക്തമാണെന്നതിനാല്‍ ഖ്ണ്ഡ്ശ്ശയായി ഇവിടെ ചേര്‍ക്കുന്നു. കെ.ജി. നാരായണന്‍ എന്ന ഗ്രന്ഥകര്‍ത്താവിന്റെ മഹത്തരമായ അദ്ധ്വാനത്തിന്റെയും,ഗവേഷണത്തിന്റേയും ഫലമായ ഈ പുസ്തകത്തിലെ വിവരങ്ങള്‍ കേരളത്തിന്റെ വസ്തുനിഷ്ടമായ ചരിത്രത്തില്‍ നിന്നും ഊര്‍ജ്ജ്യം ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് ആശിക്കുന്നു.

റ്റൈപ്പ് ചെയ്യാനുള്ള സമയക്കുറവുകാരണം തല്‍ക്കാലം രണ്ടു പേജുകള്‍ വീതം സ്കാന്‍ ചേയ്തു ചേര്‍ക്കുകയാണ് . ആര്‍ക്കെങ്കിലും ഇവ യൂണിക്കോഡിലേക്ക് റ്റൈപ്പ്ചെയ്തു ചേര്‍ക്കുന്ന കാര്യത്തില്‍ സഹായിക്കാനാകുമെങ്കില്‍ ദയവായി മുന്നോട്ടു വരിക. ഒരു ജനതക്ക് കൈമോശം വന്നുപോയ ആത്മാഭിമാനം നേടിക്കൊടുക്കുകയെന്നത് മഹത്തായ ഒരു പ്രവര്‍ത്തനമായതിനാല്‍ സഹായിക്കാന്‍ മനസ്സുള്ളവര്‍ ഈമെയില്‍ ചെയ്യുക.

Wednesday, August 22, 2007

വൈക്കത്തെ ദളവാക്കുളം കൂട്ടക്കൊല

200 വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ വൈക്കം മഹാദേവര്‍ ക്ഷേത്രത്തിനു തൊട്ടുകിഴക്കുവശത്ത്‌ ഒരു കുളമുണ്ടായിരുന്നു.
ഇന്ന് അവിടെ ദളവാക്കുളം ബസ്സ്റ്റന്‍ഡ്‌ സ്ഥിതിചെയ്യുന്നു.

ബുദ്ധവിഹാരമായിരുന്ന വൈക്കം ക്ഷേത്രം തിരിച്ചുപിടിക്കാന്‍ ഒരുംബെട്ട ചാവേറുകളായ നൂറുകണക്കിനു ഈഴവരെ അക്കാലത്തെ(1806ല്‍) തിരുവിതാംകൂറിലെ ദളവയായിരുന്ന വേലുത്തബി ഈ കുളത്തിലിട്ടു കുഴിച്ചുമൂടി.
ആ മൂടപ്പെട്ട കുളമാണ്‌ ദളവാക്കുളമായി അറിയപ്പെട്ടത്‌.

ഒരു കുളം മൂടാന്മാത്രം ശവങ്ങള്‍ കാരണമാകണമെങ്കില്‍ എത്രമാത്രം നിരായുധരായ മനുഷ്യരെ അന്നു രക്തസാക്ഷികളക്കിക്കാണും. ഏതാനും പേരെയാണെങ്കില്‍ പുറത്തെവിടെയെങ്കിലും കുഴിച്ചുമൂടുമായിരുന്നു. വംശീയമായ കൂട്ടക്കൊലതന്നെ നടത്തിയ വേലുത്തംബിയുടെ നായര്‍ കിംങ്കരന്മാര്‍ അക്കാലത്ത്‌ വൈക്കം ക്ഷേത്രത്തിനു വടക്കുവശത്തുള്ള നിരവധി ഈഴവരുടെ ചെവി അരിഞ്ഞെടുക്കുകയെന്ന ഹീന കര്‍മ്മങ്ങളും ചെയ്തിരുന്നു.

ദളവാക്കുളം സംഭവത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു നാടന്‍പാട്ട്‌ വൈക്കത്തും സമീപ പ്രദേശങ്ങളിലും പ്രചരിച്ചിരുന്നു.

"കരിവര മുഖനാം കരിപ്പണിക്കര്‍
ഗുരുവരനമലന്‍ കുന്നേല്‍ചേന്നി
കൂകിവിളിക്കും ഒട്ടായി
പുലിപോലെ പായുന്ന മാലുത്തണ്ടാന്‍......"(പൂര്‍ണരൂപം ലഭ്യമല്ല.)

അതിന്റെ പൂര്‍ണരൂപം ടികെ. മാധവന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി പത്രത്തിന്റെ 1924ലെ ഏതോ ഒരു ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.(തെളിവുകള്‍ കിട്ടുന്നവര്‍ അതു ദയവായി പ്രസിദ്ധീകരിക്കുക)

വൈക്കത്ത്‌ അന്ന് ദളവയുടെ വലം കയ്യായിരുന്ന വൈക്കം പത്മനാഭപിള്ളയുടെ നേത്രുത്വത്തില്‍ നടത്തിയ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെടാനായി കൈപ്പുഴ,നീണ്ടൂര്‍,കുറുവിലങ്ങാട്‌,കോഴ എന്നീ സ്ഥലങ്ങളിലേക്ക്‌ ഈഴവര്‍ ഓടി രക്ഷപ്പെടുകയുണ്ടായി.(വിവേകോദയം മാസിക-1975 മെയ്‌ ജൂണ്‍ ലക്കം)ഇങ്ങനെ ഓടി രക്ഷപ്പെട്ടവരാണ്‌ ഇന്ന് ആ പ്രദേശങ്ങളിലെ കുറുചേകോന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

ഇതുപോലുള്ള അറിവുകള്‍ ഉള്ളവര്‍ അതു ദയവായി ബ്ലൊഗില്‍ ഇടുകയോ എന്റെ ഈമെയില്‍ വിലാസത്തില്‍ അയക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(ആധാരം- ശ്രീ.എന്‍.കെ.ജോസിന്റെ "ദളവാക്കുളവും വൈക്കത്തെ ക്രൈസ്തവരും" എന്ന പുസ്തകം)

Wednesday, February 28, 2007

ഒറ്റക്കു പൊരുതിയ വിപ്ലവകാരി


ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, വേലായുധ പണിക്കരുടെ ചന്ദനത്തടിയില്‍ നിര്‍മ്മിച്ച പൂമുഖമുള്ള വീട്‌, 1853 ല്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ ഈഴവ ശിവനെ പ്രതിഷ്ടിച്ച മംഗലം ഇടക്കാട്‌ ജ്ഞാനേശ്വരം ക്ഷേത്രം എന്നിവ ചിത്രത്തില്‍ കാണാം.


ചരിത്രത്തില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കര്‍

(ശ്രീ. ജിജോ ജോണ്‍ പുത്തേഴത്ത്‌ മലയാള മനോരമ പത്രത്തിലെ വാരാന്തപ്പതിപ്പില്‍ 2004 ഫെബ്രുവരി 15 ന്‌ എഴുതിയ ലെഖനത്തിന്റെ യൂണികോട്‌ രൂപം.)
...............................................................................................................................................................

ചരിത്രത്തിന്റെ പുറം പോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു. ശ്രീനാരായണ ഗുരു ജനിക്കുന്നതിനും മൂന്നു വര്‍ഷം മുന്‍പു മങ്ങലം ഇടയ്‌ക്കാട്‌ ജ്‌ഞ്ഞാനേശ്വരം ക്ഷേത്രത്തില്‍ പണിക്കര്‍ പ്രതിഷ്ഠിച്ചത്‌ ഈഴവശിവനെ.

നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടു വള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.

ഗുരുദേവന്റെ ജനനത്തുനു മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണു വേലായുധ പണിക്കര്‍ ജനിച്ചത്‌.

കായംകുളത്തു വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്റെ അടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.


അവര്‍ണര്‍ക്കുവേണ്ടി കായം കുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍.

ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്ര നിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌.ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?"പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു. ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.

വഴിയൊന്നാണെങ്കിലും ഗുരുദേവന്റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്റേടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു.ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹന സൌകര്യം.

മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു.വിവരം തിരക്കിയ രാജാവിനു മുന്നില്‍" ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചു നിന്ന ആണാളായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.

എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല.1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്റെ നിഗൂഡമായ ബാല്യം!

1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും സഖാവെ എന്നുവിളിച്ചില്ല.

ആദ്യത്തെ കര്‍ഷകതിഴിലാളി സമരം

അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായം കുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു.ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണി മുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തിക നില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം.മുണ്ട്‌ ഇറക്കിയുടുത്ത ഈഴവ സ്‌ത്രീയെ പരിഹസിച്ച കര പ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പു പറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ സഖാവേ എന്നുവിളിച്ചില്ല.

മൂക്കുത്തിവഴക്ക്‌

ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌.കഥയിങ്ങനെയാണ്‌: അന്നു സ്വര്‍ണ്ണ മൂക്കുത്തി ധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്നു.പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണ പണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു.ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു.ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...

ഏത്താപ്പു സമരം


സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നുപണിക്കരുടെ ലഹളകളെല്ലാം.മൂക്കുത്തി വഴക്കിന്റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണ സ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവി വിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു.

കഥകളിയോഗം

പണ്ട്‌ ഈ നാടു സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു.... എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌.1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതു വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുറ്റെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ചു ഗവണ്‍മെന്റില്‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണു പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌.അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമം മൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി.അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.


പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായം കുളം കായലില്‍ കൊള്ളക്കാര്‍ അപഫരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.

മാംബുഴക്കരിക്കാരന്‍ കരപ്രമാണി

കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്റെ കറവ വറ്റുംബോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ വാളുമായി ചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റോരു കഥ.

ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുംബിയെ പണിക്കര്‍ വിവാഹം കഴിച്ചു.ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍,കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍,കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌,കുഞ്ഞുകൃഷ്ണന്‍.സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.

സഞ്ചാര സ്വാതന്ത്ര്യം


'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുംബോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്റെ മകന്‍ രാമന്‍ മേനോന്റെ എഴുന്നള്ളിത്താണ്‌.അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്റെ കല്‍പ്പന.രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി .... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടി മാറേണ്ടി വന്നില്ല.

മറ്റൊരു കേസിന്റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളം കായല്‍ കടക്കുംബോഴാണ്‌ വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു.ഒരു കോവു വള്ളത്തിലെത്തിയ അക്രമി സംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി.നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധപണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി. കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.

ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം- ശ്രീനാരായണ ഗുരു.സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മേറ്റ്വിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ ?
................................................................................................................................................


ഇത്തരം പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ കൈവശമുള്ളവര്‍ അവ ബ്ലൊഗില്‍ പ്രസിദ്ധീകരിക്കുകയോ എനിക്ക്‌ അയച്ചുതന്ന് ബ്ലൊഗില്‍ ഇടാന്‍ അനുവദിക്കുകയോ ചെയ്യണമെന്ന് ജാതിവിരുദ്ധമായ ചിന്തയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.